വിവാദങ്ങളില്‍ നിന്നൊഴിയാതെ സിപിഐഎം. പാര്‍ട്ടിയിലേക്ക് സ്വീകരിച്ച കുമ്പഴ സ്വദേശി സുധീഷ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ ഒന്നാം പ്രതി. 2021 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വീണ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് സുധീഷും സംഘവും ആക്രമിച്ചത്. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം അഞ്ചാം തീയതിയാണ് കുമ്പഴ സ്വദേശി സുധീഷ് ഉള്‍പ്പെടെ 62 പേരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയ കേസില്‍ സുധീഷ് ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. വാള്‍, കമ്പി വടി, ഹെല്‍മെറ്റ് എന്നിവ ഉപയോഗിച്ച് സുധീഷും സംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സുജിത്ത്, ആകാശ്, അഖില്‍ സതീഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ മൂവരേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്ന് ഡിവൈഎഫ്‌ഐ നേതൃത്വം ആരോപിച്ചിരുന്നു. ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വീണ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ആയിരുന്നു സുധീഷും സംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സുജിത്തിനെയും ആകാശിനെയും അഖിലിനേയും ആക്രമിച്ചത്.
സുധീഷ് വടിവാളുകൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് വെട്ടിയതായും കമ്പി വടികൊണ്ട് കഴുത്തിലും പുറത്തും അടിച്ചതായും വടിവാള്‍ വീശിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഇരു കൈപ്പത്തികള്‍ക്കും പരിക്കേറ്റതായും എഫ്‌ഐആറിലുണ്ട്. മറ്റ് പ്രതികള്‍ കൈകള്‍ കൊണ്ടും ഹെല്‍മറ്റ് കൊണ്ടും ശരീരമാസകലം അടിച്ചതായും എഫ് ഐ ആറില്‍ പറയുന്നു.