കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യം, ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല ; കടുത്ത വിമര്‍ശനം ഉയര്‍ത്തി വി ഡി സതീശന്‍

കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യം, ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല ; കടുത്ത വിമര്‍ശനം ഉയര്‍ത്തി വി ഡി സതീശന്‍
കെപിസിസി നേതൃ ക്യാമ്പില്‍ അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല. മണ്ഡലം പുനഃസംഘടനയില്‍ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. നേരത്തെയും കെപിസിസി അധ്യക്ഷന്റെ നടപടികളില്‍ സതീശന് അതൃപ്തിയുണ്ടായിരുന്നു. പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും വിമര്‍ശനമുയര്‍ന്നിട്ടും സുധാകരന്‍ ഒരക്ഷരം മറുപടി നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ നേതൃക്യാമ്പിലെ മറ്റ് യോഗങ്ങളില്‍ വിമര്‍ശനമുണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയായത്. വിമര്‍ശനം രാഷ്ട്രീയകാര്യ സമിതിയില്‍ മാത്രമായി ഒതുക്കുകയായിരുന്നു. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയാണ് വി ഡി സതീശന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല അതൃപ്തികളും സതീശന്‍ എഐസിസിയെ അറിയിച്ചിരുന്നു.

താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുള്ള ചുമതലകള്‍ മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തുവെന്നത് യോഗത്തിന്റെ നേട്ടമായി പുറത്തുവരുമ്പോഴാണ് കടുത്ത വിമര്‍ശനവും ഉയരുന്നത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിന്റെ സൂചന കൂടിയാണ് രാഷ്ട്രീയകാര്യ സമിതിയിലെ പൊട്ടിത്തെറി.

പുനഃസംഘടനയില്‍ എ ഗ്രൂപ്പിനെ പൂര്‍ണ്ണമായും അവഗണിച്ചതിലുള്ള അതൃപ്തി കെ സി ജോസഫും പ്രകടിപ്പിച്ചു. ആരാണ് മണ്ഡലം പ്രസിഡണ്ടുമാരെ നിയമിക്കുന്നതെന്ന് കെ സി ജോസഫ് ചോദിച്ചു. പ്രധാന നേതാക്കളെ പ്രാദേശിക തലത്തില്‍ അവഗണിച്ച് താത്പര്യക്കാരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. നാട്ടുകാരെക്കൊണ്ട് തമ്മിലടിപ്പിക്കുന്നവരെന്ന് പറയിപ്പിക്കരുതെന്ന ആവശ്യം കെ സി വേണുഗോപാല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുന്നോട്ട് വച്ചതിന് പിന്നാലെയാണ് വിമര്‍ശനം.

രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമാണ് സുധാകരനെ പിന്തുണയ്ക്കുന്നതെന്നത് നേതൃത്വത്തിനുള്ളില്‍ തന്നെ പരസ്യമായ രഹസ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനെ മാറ്റാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ ലോക്‌സഭാ ഫലം പുറത്തുവന്നപ്പോള്‍, വലിയ മുന്നേറ്റം ഉണ്ടാക്കിയ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനെ മാറ്റുന്നത് ശരിയല്ല എന്ന നിലപാടാണ് കെ സി വേണുഗോപാല്‍ എടുത്തത്. ഈ തീരുമാനത്തിന് ചെന്നിത്തലയുടെ പിന്തുണയുമുണ്ടായിരുന്നു.

Other News in this category



4malayalees Recommends