കര്‍ണാടകയില്‍ മണ്ണിടിച്ചില്‍, മണ്ണിനടിയിലായിട്ട് നാലു ദിവസം ; കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മണ്ണിടിച്ചില്‍, മണ്ണിനടിയിലായിട്ട് നാലു ദിവസം ; കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് സിദ്ധരാമയ്യ
കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍. നാലുദിവസമായി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗമാണ്.

അര്‍ജുന്റെ വാഹനത്തിന്റെ എന്‍ജിന്‍ ഇന്നലെ വരെ ഓണ്‍ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ആര്‍ടിഒയും വാഹനം മണ്ണിനടിയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, പരാതിപ്പെട്ടിട്ടും അര്‍ജുനെ തിരയാന്‍ അഗോള പൊലീസില്‍നിന്ന് സഹായം ലഭിച്ചിട്ടില്ല. ലോറിയുള്ള സ്ഥലം ജിപിഎസില്‍ വ്യക്തമാണ്. ആ സ്ഥലം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ലോറി ഉടമ പറഞ്ഞു. ലോറിക്കുള്ളില്‍ മണ്ണ് കയറിയിട്ടില്ലെങ്കില്‍ അര്‍ജുന്‍ ജീവനോടെയുണ്ടാകുമെന്നും ലോറി ഉടമ പറഞ്ഞു.

ജൂലൈ എട്ടിനാണ് അര്‍ജുന്‍ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അര്‍ജുന്റെ കോഴിക്കോട്ടുള്ള വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിന്‍ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്പനി വീട്ടുകാരെ അറിയിച്ചത്.

അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അര്‍ജുന്‍ പോയിരുന്നത്. ഷിരൂരില്‍ ലോറി കുടുങ്ങിയതില്‍ സഹായം ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് മെയില്‍ അയച്ചിരുന്നുവെന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും വീണ്ടും ബന്ധപ്പെടുമെന്നും ലോറി ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ നേതാവ് സ്റ്റാലിന്‍ പറഞ്ഞു.

അര്‍ജുന്‍ അടക്കം 15 പേരാണ് അഗോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നത്. മണ്ണിനടിയില്‍ ബെന്‍സും ട്രക്കും ഉണ്ടെന്ന് ജിപിഎസ് ലൊക്കേഷനിലൂടെ കണ്ടെത്തി. ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് സ്ഥിരീകരിച്ചെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. ബെന്‍സ് കാറില്‍ ഉണ്ടായിരുന്നത് കുടുംബമെന്നും സ്ഥിരീകരണം.

Other News in this category



4malayalees Recommends