'പണം പിരിച്ചത് കെട്ടിടം വാങ്ങാന്‍'; മദ്യനയം മാറ്റാന്‍ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ല, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

'പണം പിരിച്ചത് കെട്ടിടം വാങ്ങാന്‍'; മദ്യനയം മാറ്റാന്‍ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ല, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
മദ്യനയം മാറ്റാന്‍ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാറുടമകളുടെ വിശദീകരണം ശരിവെയ്ക്കുന്നതാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ട് ഈ മാസം 31ന് മുമ്പ് അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും.

മദ്യനയം മാറ്റാന്‍ കോഴ പിരിക്കണമെന്ന ബാറുടമ അനിമോന്റെ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അനിമോന്റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയെങ്കിലും രണ്ടാം ബാര്‍ക്കോഴ വിവാദത്തില്‍ കോഴയില്ലെന്ന കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സര്‍ക്കാറിനും ബാറുടമകള്‍ക്കും ആശ്വാസകരമായ കണ്ടെത്തലാണ് അന്വേഷണസംഘത്തിന്‍േറത്.

കൊച്ചിയില്‍ നടന്ന ബാറുടമകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്‍ നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പില്‍ ശബ്ദരേഖയിട്ടത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാര്‍ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പരാതി നല്‍കിയത്. തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷന്‍ നേതൃത്വത്തിന്റെ വിശദീകരണം. ഇതേ കണ്ടെത്തല്‍ തന്നെയാണ് ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്.

ബാറുമടകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും അതാണ് ശബ്ദ രേഖ ചോര്‍ച്ചക്കു കാരണമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയില്‍ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ശബ്ദരേഖ പുറത്തുപോയതിന് പിന്നാലെ ഗ്രൂപ്പില്‍ നിന്നും അനിമോന്‍ ശബ്ദരേഖ ഡിലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പും ഇല്ലാതാക്കി. അതിനാല്‍ ചോര്‍ച്ച എവിടെ നിന്നുമെന്ന് കണ്ടെത്തണമെങ്കില്‍ ഗ്രൂപ്പിലുള്ള എല്ലാവരുടെയും ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

Other News in this category



4malayalees Recommends