11 കാരിയായ പെണ്‍കുട്ടി മരിച്ച സംഭവം സഹോദരന്റെ മര്‍ദ്ദനം കൊണ്ട് ; 23 കാരന്‍ കാമുകിക്ക് സന്ദേശമയച്ചത് തെളിവായി ; പെട്ടെന്നുള്ള ദേഷ്യത്തില്‍ ചെയ്തതെന്ന് മൊഴി

11 കാരിയായ പെണ്‍കുട്ടി മരിച്ച സംഭവം സഹോദരന്റെ മര്‍ദ്ദനം കൊണ്ട് ; 23 കാരന്‍ കാമുകിക്ക് സന്ദേശമയച്ചത് തെളിവായി ; പെട്ടെന്നുള്ള ദേഷ്യത്തില്‍ ചെയ്തതെന്ന് മൊഴി
11 വയസ്സുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അര്‍ധ സഹോദരനെതിരെ തെളിവുണ്ടെന്ന് ഡിറ്റക്ടീവുകള്‍ കോടതിയെ അറിയിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലുള്ള കുടുംബ വീട്ടിലെ കുളിമുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഫലഖ് ബാബര്‍ മൂന്നാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ശേഷം മരിച്ച സംഭവത്തിലാണ് സഹോദരനെതിരെ കുരുക്ക് മുറുകുന്നത്.

അര്‍ധസഹോദരന്‍ സുഹൈല്‍ മുഹമ്മദ് (23) മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവമാണ് കുട്ടിയുടെ മരണ കാരണമെന്ന് വിലയിരുത്തല്‍.

പെട്ടെന്നുള്ള ദേഷ്യത്തെ തുടര്‍ന്ന് സഹോദരിയെ മര്‍ദിച്ചു. ഇതേ തുടര്‍ന്ന് സഹോദരി മരിച്ചുവെന്ന് സുഹൈല്‍ മുഹമ്മദ് കാമുകി സഹര്‍ ഫിയാസിന് സന്ദേശം അയച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അടിയേറ്റ് തളര്‍ന്ന പെണ്‍കുട്ടിക്ക് 23 മിനിറ്റിന് ശേഷമാണ് ബോധം നഷ്ടമായത്. ഇത്രയും നേരം സുഹൈല്‍ ആംബുലന്‍സിനായി ഫോണ്‍ ചെയ്തില്ല.

സംഭവത്തില്‍ അറസ്റ്റിലായ സുഹൈല്‍ മുഹമ്മദിനെതിരെ നരഹത്യ ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് ഡിറ്റക്ടീവുകള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മരിച്ച ഫലഖിന് ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

പെട്ടെന്നുള്ള ദേഷ്യത്തെ തുടര്‍ന്നാണ് താന്‍ സഹോദരിയെ കുളിമുറിയിലേക്ക് തള്ളിയിട്ടത്. ഈ സമയം അബദ്ധത്തില്‍ ബാത്ത്‌റൂമിന്റെ വാതിലിലോ ഭിത്തിയിലോ തല ഇടിച്ചിട്ടുണ്ടാകാമെന്ന് സുഹൈല്‍ മുഹമ്മദ് വെളിപ്പെടുത്തിയെന്ന് അധികൃതര്‍ കോടതിയില്‍ പറഞ്ഞു.2022ഫെബ്രുവരി 20ന് ആണ് സംഭവം നടന്നത്. കേസില്‍ വിചാരണ നടക്കുകയാണ്.

Other News in this category



4malayalees Recommends