മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്: ധന്യ പണം മാറ്റിയത് 8 അക്കൗണ്ടിലേക്ക്; പണം കുഴല്‍പ്പണ സംഘം വഴി കൈമാറി ?

മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്: ധന്യ പണം മാറ്റിയത് 8 അക്കൗണ്ടിലേക്ക്; പണം കുഴല്‍പ്പണ സംഘം വഴി കൈമാറി ?
തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 20 കോടി തട്ടിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കേസിലെ പ്രതി ധന്യ മോഹന്‍ പണം മാറ്റിയത് 8 അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ് മെന്റ് പൊലീസ് പരിശോധിച്ചു. അതേസമയം ഇന്നലെയാണ് ധന്യ പൊലീസില്‍ കീഴടങ്ങിയത്.

ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു ധന്യ തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. അതേസമയം ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, ധന്യയെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. ധന്യയെ തൃശൂര്‍ വലപ്പാട് എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തല്‍.

ധന്യ മോഹന്‍ ഈസ്റ്റ് കൊല്ലം പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ടോടെ കീഴടങ്ങിയത്. മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ്. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്.

Other News in this category



4malayalees Recommends