അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് ; അറസ്റ്റ് വാറന്റിന് വില നല്‍കാതെ വന്‍ സുരക്ഷാ സംഘവുമായി മംഗോളിയയിലേക്ക്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് ; അറസ്റ്റ് വാറന്റിന് വില നല്‍കാതെ വന്‍ സുരക്ഷാ സംഘവുമായി മംഗോളിയയിലേക്ക്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പുല്ലുവില നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. വാറണ്ട് നിലനില്‍ക്ക തന്നെ മംഗോളിയ സന്ദര്‍ശിക്കുമെന്ന് അദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇന്നാണ് അദ്ദേഹം മംഗോളിയയില്‍ എത്തുക. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗരാജ്യമാണ് മംഗോളിയ. കോടതി നിയമപ്രകാരം അറസ്റ്റ് വാറന്റുള്ള രാജ്യത്ത് എത്തിയാല്‍ പിടികൂടി തടങ്കലില്‍ വെക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ പത്തുവിമാനങ്ങളുടെയും 500ല്‍ അധികം സൈനികരുടെയും അകമ്പടിയുമായാണ് പുടിന്‍ എത്തുന്നത്.

അതേസമയം, റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് പശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഇതിനിടെ പാശ്ചാത്യശക്തികള്‍ യുക്രെയ്നു നല്കിയ അത്യാധുനിക അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനങ്ങളിലൊന്ന് തകര്‍ന്നു. തിങ്കളാഴ്ച യുക്രെയ്നു നേര്‍ക്ക് റഷ്യ നടത്തിയ വന്‍ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തിലായിരുന്നു തകര്‍ച്ച. വിമാനത്തിന്റെ പൈലറ്റ് മരിച്ചു. റഷ്യ തൊടുത്ത നാലു മിസൈലുകള്‍ ഈ പൈലറ്റ് വെടിവച്ചിട്ടു.

യുക്രെയ്ന്‍ പക്ഷത്ത് ആദ്യമായാണ് എഫ്-16 വിമാനം തകരുന്നത്. കഴിഞ്ഞമാസം അവസാനമാണ് ഈ വിമാനങ്ങള്‍ യുക്രെയ്നു ലഭിച്ചത്. ബെല്‍ജിയം, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് രാജ്യങ്ങള്‍ 65 എഫ്-16 വിമാനങ്ങള്‍ നല്കാമെന്നാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ ആറെണ്ണമാണു കഴിഞ്ഞമാസം യുക്രെയ്നു ലഭിച്ചത്.

Other News in this category



4malayalees Recommends