രോഗിയായ ഭര്‍ത്താവിനൊപ്പം കൂട്ടുപോയ യുവതിയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചു, വഴിയില്‍ ഇറക്കിവിട്ടു

രോഗിയായ ഭര്‍ത്താവിനൊപ്പം കൂട്ടുപോയ യുവതിയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചു, വഴിയില്‍ ഇറക്കിവിട്ടു
ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സിനുള്ളില്‍ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്നൗവിലെ ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭര്‍ത്താവിനെയും ആംബുലന്‍സ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭര്‍ത്താവിനെ ഓക്‌സിജന്‍ സപ്പോര്‍ട്ടോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യുവതി പീഡിനത്തിന് ഇരയായത്. പിന്നീട് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ യുവതിയുടെ ഭര്‍ത്താവ് മരിച്ചു.

യുവതിയുടെ ഭര്‍ത്താവ് ഹരീഷ് അസുഖ ബാധിതനായി ബസ്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതായതോടെ യുവതി ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഹരീഷിന്റെ ആരോഗ്യനില വീണ്ടും വഷളായി. ഇതോടെ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാനാണ് യുവതി ആംബുലന്‍സ് വിളിച്ചത്.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലന്‍സ് ഡ്രൈവര്‍ യുവതിയോട് തനിക്കൊപ്പം മുന്‍ വശത്തെ സീറ്റിലിരിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് ആംബുലന്‍സിലെ ജീവനക്കാരനുമായി ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പ്രതിഷേധിച്ച് നിലവിളിച്ചതോടെ ഭര്‍ത്താവിന് നല്‍കിയിരുന്ന ഓക്‌സിജന്‍ മാസ്‌ക് നീക്കിയ ശേഷം ഇരുവരെയും ആബുലന്‍സ് നിന്നും പാതി വഴിയിലിറക്കി വിട്ടു. ഡ്രൈവര്‍ തന്നെ മര്‍ദ്ദിച്ചെന്നും ആഭരണങ്ങളും പണവും കൈക്കലാക്കിയെന്നും യുവതി പറഞ്ഞു. ഓക്‌സിജന്‍ നിലച്ചതോടെ യുവാവിന്റെ നില വഷളായി. യുവതി പിന്നീട് തന്റെ സഹോദരനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ച ശേഷം ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു.

യുവതിയുടെ സഹോദരനാണ് വിവരം പൊലീസില്‍ അറിയിച്ചത്. യുവതിയുടെ ഭര്‍ത്താവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇതിന് പിന്നാലെ യുവതി ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പൊലീസില്‍ രേഖാമൂലം പരാതി നല്‍കി. പരാതി നല്‍കിയിട്ടും പൊലീസ് ആംബുലന്‍സ് ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തില്ലെന്ന് യുവതി ആരോപിച്ചു. അതേസമയം യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends