സര്‍ഗം സ്റ്റീവനേജ് 'പൊന്നോണം 2024' നാളെ; സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍, യുഗ്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അതിഥികളായെത്തും.

സര്‍ഗം സ്റ്റീവനേജ് 'പൊന്നോണം 2024' നാളെ; സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍,  യുഗ്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അതിഥികളായെത്തും.
സ്റ്റീവനേജ്: സര്‍ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന പൊന്നോണം '2024' നാളെ സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. സ്റ്റീവനേജ് മേയര്‍ കൗണ്‍സിലര്‍ ജിം ബ്രൗണ്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സര്‍ഗം 'പൊന്നോണം 2024 'നു അതിഥിയായെത്തുന്ന യുക്മയുടെ നാഷണല്‍ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.


കലാപരിപാടികളുടെ ആധിക്യം മൂലം കൃത്യം പത്തിന് പുലികളിയും മാവേലി വരവേല്‍ക്കലും ചെണ്ട മേളവും അടക്കം പ്രാരംഭ പരിപാടികള്‍ ആരംഭിക്കും. ആഘോഷത്തിലെ ഹൈലൈറ്റായ വെല്‍ക്കം ഡാന്‍സ് പത്തരയോടെ ആരംഭിക്കുന്നതാണ്. കഥകളിയും, മെഗാ തിരുവാതിരയും, ഫാഷന്‍ ഷോയും, മെഡ്ലിയും അടക്കം കലാവതരണങ്ങള്‍ക്കു ശേഷം 25 ഇന വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ തൂശനിലയില്‍ വിളമ്പും. തുടര്‍ന്ന് കലാപരിപാടികള്‍ തുടരുന്നതാവും.


വാശിയേറിയ ഇന്‍ഡോര്‍ ഔട്‌ഡോര്‍ മത്സരങ്ങളും, പിന്നണിയില്‍ നീണ്ടു നിന്ന കലാപരിപാടികളുടെ പരിശീലനവും കൊണ്ട് തിരുവോണ അനുഭൂതിയിലാണ്ട സ്റ്റീവനേജില്‍ തിരുവോണ ദിനത്തിനായൊരുക്കിയ കലാവിസ്മയങ്ങള്‍ സ്റ്റേജില്‍ വര്‍ണ്ണം വിടര്‍ത്തുമ്പോള്‍ ഏറെ പ്രൗഢ ഗംഭീരമായ ആഘോഷമാവും സദസ്സിന് സമ്മാനിക്കുക.


സജീവ് ദിവാകരന്‍, നീരജ പടിഞ്ഞാറയില്‍, വിത്സി പ്രിന്‍സണ്‍, പ്രവീണ്‍ തോട്ടത്തില്‍ എന്നിവര്‍ പ്രോഗ്രാമിനും, ഹരിദാസ് തങ്കപ്പന്‍, ചിന്ദു ആനന്ദന്‍, നന്ദു കൃഷ്ണന്‍ എന്നിവര്‍ സദ്യക്കും ജെയിംസ് മുണ്ടാട്ട്,അലക്‌സ് തോമസ്, അപ്പച്ചന്‍ എന്നിവര്‍ ഇനേതൃത്വം നല്‍കും.


വൈസ് മോര്‍ട്ടഗേജ്, ജോണ്‍ പോള്‍ സോളിസിറ്റേഴ്‌സ്, ചില്‍ അറ്റ് ചില്ലീസ്, മലബാര്‍ ഫുഡ്, 7s ട്രേഡിങ്ങ് ലിമിറ്റഡ്, കറി വില്ലേജ് എന്നീ സ്ഥാപനങ്ങള്‍ സര്‍ഗ്ഗം പൊന്നോണത്തിന് പ്രായോജകരാവും.


സര്‍ഗ്ഗം സ്റ്റീവനേജ് അസോസിയേഷന്‍ പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദിയും പ്രകാശിപ്പിക്കും.

Other News in this category



4malayalees Recommends