ബെംഗളൂരുവില്‍ അതിക്രൂര കൊലപാതകം ; 29 കാരിയെ 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു ; കൃത്യം നടന്നത് അഞ്ചു ദിവസം മുമ്പെന്ന് സൂചന

ബെംഗളൂരുവില്‍ അതിക്രൂര കൊലപാതകം ; 29 കാരിയെ 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു ; കൃത്യം നടന്നത് അഞ്ചു ദിവസം മുമ്പെന്ന് സൂചന
ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തി. മാളിലെ ജീവനക്കാരിയായ 29 വയസുള്ള മഹാലക്ഷ്മി നീലമംഗല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വെട്ടി നുറുക്കി 30 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചത്. ബെംഗളൂരുവിലെ വയലിക്കാവില്‍ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യുവതി കഴിഞ്ഞ 5 മാസമായി വിനായക നഗറില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നെന്ന് അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി യുവതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയിലാണ് കണ്ടെത്താനായത്. ഇതോടെയാണ് പ്രദേശവാസികള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. നേപ്പാള്‍ സ്വദേശിയായ മഹാലക്ഷ്മി അഞ്ച് വര്‍ഷം മുമ്പാണ് ഹേമന്ത് ദാസിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിനോട് പിണങ്ങിയാണ് മഹാലക്ഷ്മി ബെംഗളൂരുവില്‍ ജോലിക്കെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends