17 വര്‍ഷം മുന്‍പ് തന്നെ തട്ടിക്കൊണ്ടുപോയവര്‍ക്ക് അഭിഭാഷകനായി എത്തി ശിക്ഷവാങ്ങി നല്‍കി 24 കാരന്‍

17 വര്‍ഷം മുന്‍പ് തന്നെ തട്ടിക്കൊണ്ടുപോയവര്‍ക്ക് അഭിഭാഷകനായി എത്തി ശിക്ഷവാങ്ങി നല്‍കി 24 കാരന്‍
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തട്ടിക്കൊണ്ടുപോയ കേസ് അഭിഭാഷകനായി എത്തി വാദിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കി 24 കാരന്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഖേരാഗഡ് സ്വദേശിയായ ഹര്‍ഷ് ഗാര്‍ഗാണ് താന്‍ ഇരയായ കേസ് അഭിഭാഷകനായി എത്തി സ്വയം വാദിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയത്.

2007ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഹര്‍ഷിന് പ്രായം ഏഴ്. ഖേരാഗഡില്‍ അച്ഛന്‍ നടത്തുന്ന മെഡിക്കല്‍ ഷോപ്പില്‍ ഇരിക്കുകയായിരുന്നു ഹര്‍ഷ്. സമയം വൈകിട്ട് ഏകദേശം ഏഴ് മണിയായിട്ടുണ്ടാകും. ഒരു സംഘം ആളുകള്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി ഹര്‍ഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അച്ഛന്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വെടിയുതിര്‍ത്തു. ഹര്‍ഷിന്റെ അച്ഛന്റെ വലത് തോളിനാണ് വെടിയേറ്റത്. ഇതോടെ അദ്ദേഹം നിലത്തുവീണു. തുടര്‍ന്ന് ഹര്‍ഷിന്റെ ബന്ധു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ഷിന്റെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വന്നു. കുട്ടിയെ വിട്ടു നല്‍കണമെങ്കില്‍ 55 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.

ഹര്‍ഷിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ഹര്‍ഷുമായി സംഘം മധ്യപ്രദേശിലേക്ക് കടന്നു. ഓരോ ദിവസവും സംഘം പുതിയ സ്ഥലങ്ങള്‍ തേടി. അഞ്ച് കിലോമീറ്റര്‍ വരെ ഹര്‍ഷുമായി നടന്നു. സംഘാംഗങ്ങളില്‍പ്പെട്ടവരുടെ ഭാര്യമാരടക്കമുള്ളവരും ഇവര്‍ക്കൊപ്പം യാത്ര ചെയ്തു. മൂന്നാഴ്ചകൊണ്ട് സംഘാംഗങ്ങളുടെ പേര് വിവരങ്ങള്‍ ഹര്‍ഷ് പഠിച്ചെടുത്തു. പോയ സ്ഥലങ്ങളെക്കുറിച്ചെല്ലാം ഓര്‍ത്തുവെച്ചു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പൊലീസ് സംയുക്തമായി കേസ് അന്വേഷിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവ്പുരിയില്‍വെച്ചാണ് ഹര്‍ഷ് പൊലീസിന്റെ കൈകളിലേക്ക് എത്തുന്നത്. ശിവ്പുരിയില്‍ നിന്ന് ഹര്‍ഷുമായി മറ്റൊരു സ്ഥലത്തേയ്ക്ക് ബൈക്കില്‍ പോകുകയായിരുന്നു സംഘം. പൊലീസ് വാഹനം പരിശോധിക്കുമെന്നായപ്പോള്‍ ഭയന്ന സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ പൊലീസ് രക്ഷിച്ച് ബന്ധുക്കളെ ഏല്‍പിച്ചു. സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് ഹര്‍ഷ് നല്‍കിയ വിവരം പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായി. പ്രതിയുടെ ഭാര്യയെ പൊലീസുകാര്‍ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ ഹര്‍ഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനിടെ പതിനാല് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു.

2015 ലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കോടതി നടപടികളില്‍ ഹര്‍ഷിന് സ്ഥിരം ഭാഗമാകേണ്ടിവന്നു. ഇത് അഭിഭാഷകനാകാനുള്ള ആഗ്രഹം ഹര്‍ഷില്‍ ജനിപ്പിച്ചു. ആഗ്ര ആസ്ഥാനമായുള്ള ലോ കോളേജില്‍ നിന്ന് 2022 ല്‍ ഹര്‍ഷ് നിയമബിരുദം നേടി. തുടര്‍ന്ന് കേസ് ഹര്‍ഷ് ഏറ്റെടുത്തു. വിചാരണയുടെ ഓരോ ഘട്ടത്തിലും ഹര്‍ഷ് കൃത്യമായി ഹാജരായി തെളിവുകള്‍ സമര്‍പ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ പറഞ്ഞ തീയകളില്‍ തന്നെ കോടതിയില്‍ എത്തിച്ചു. കേസന്വേഷിച്ച ഉദ്യോഗസ്ഥരും കോടതിയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഒടുവില്‍ കേസിലെ എട്ട് പ്രതികളെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാല് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. രണ്ട് പ്രതികള്‍ വിചാരണകാലഘട്ടത്തില്‍ മരിച്ചിരുന്നു. ഹര്‍ഷിന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Other News in this category



4malayalees Recommends