ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം ; വിമാനം ലാന്‍ഡിങ്ങിന് ശേഷം വിശദ പരിശോധന നടത്തി

ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം ; വിമാനം ലാന്‍ഡിങ്ങിന് ശേഷം വിശദ പരിശോധന നടത്തി
ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലാന്റിങിന് ശേഷം വിശദമായ പരിശോധനകള്‍ നടത്തി. ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 290 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് യാത്രാ മദ്ധ്യേ ഒരു ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം കണ്ടെടുത്തത്.

സന്ദേശം കണ്ടെത്തിയ ഉടനെ തന്നെ അധികൃതരെ വിവരം അറിയിച്ചതായി വിമാനക്കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചെന്നാണ് കമ്പനി വിശദമാക്കിയത്. വിശദമായ പരിശോധനയും പൂര്‍ത്തിയാക്കി. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു. രാവിലെ 8.45നാണ് വിമാനത്തില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായ വിവരം ദില്ലിയിലെ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുന്നത്. മൂന്ന് മണിക്കൂറിന് ശേഷം 11.45ഓടെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യുകയായിരുന്നു.

ശുചി മുറിയില്‍ നിന്ന് കിട്ടിയ പേപ്പറില്‍ 'ബോംബ് ദിസ് ഫ്‌ലൈറ്റ്' എന്നായിരുന്നു എഴുതിയിരുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു. ബോയിങ് 787 വിമാനം 290 യാത്രക്കാരെയുമായി യാത്രയുടെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പേപ്പര്‍ കണ്ടെടുക്കുന്നത്. ഇതിന് പിന്നാലെ ജീവനക്കാര്‍ സംശയകരമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചു. ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിട്ട് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നത്രെ. പിന്നീട് ദില്ലിയിലേക്ക് തന്നെ യാത്ര തുടരുകയും ചെയ്തു.

ലാന്റ് ചെയ്ത ശേഷം യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കിയ ശേഷം പ്രോട്ടോക്കോള്‍ പ്രകാരം വിമാനം പ്രത്യേക ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. അവിടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തെരച്ചിലുകളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ചെയ്തു.

Other News in this category



4malayalees Recommends