ഇസ്രയേലിന്റെ സുരക്ഷയ്ക്കായി പൂര്‍ണ പിന്തുണ ; നെതന്യാഹുവുമായി ഫോണ്‍ സംഭാഷണം നടത്തി ജോ ബൈഡന്‍

ഇസ്രയേലിന്റെ സുരക്ഷയ്ക്കായി പൂര്‍ണ പിന്തുണ ; നെതന്യാഹുവുമായി ഫോണ്‍ സംഭാഷണം നടത്തി ജോ ബൈഡന്‍
ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍ സംഭാഷണം നടത്തി. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. ഓഗസ്റ്റിന് ശേഷം ഇരുവരും പരസ്യമായി പ്രഖ്യാപിക്കുന്ന ആദ്യ സംഭാഷണമാണിത്.

ഇസ്രയേലിന്റെ സുരക്ഷയ്ക്കായി പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്ന് ബൈഡന്‍ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെയും അമേരിക്ക അപലപിച്ചു. സംഭവത്തില്‍ ഇറാനെതിരെ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതിനിടെയാണ് പിന്തുണയറിയിച്ചുള്ള യുഎസിന്റെ ഫോണ്‍ സംഭാഷണം.

കഴിഞ്ഞ ആഴ്ചയായിരുന്നു ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടെഹ്‌റാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്നായിരുന്നു വിശദീകരണം. ആക്രമണത്തിന് ഇസ്രയേല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയാല്‍ പിന്തുണക്കില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു, ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്ത മിസൈലുകളെ വെടിവെച്ചിടാനും ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു. സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല ഹാരിസും അറിയിച്ചിരുന്നു. ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

Other News in this category



4malayalees Recommends