ഓസ്‌ട്രേലിയയുടെ വര്‍ക്കിങ് ഹോളിഡേ വിസയ്ക്ക് അപേക്ഷകരേറെ ; രണ്ടാഴ്ചയില്‍ അപേക്ഷിച്ചത് 40000 ഇന്ത്യക്കാര്‍

ഓസ്‌ട്രേലിയയുടെ വര്‍ക്കിങ് ഹോളിഡേ വിസയ്ക്ക് അപേക്ഷകരേറെ ; രണ്ടാഴ്ചയില്‍ അപേക്ഷിച്ചത് 40000 ഇന്ത്യക്കാര്‍
ഓസ്ട്രേലിയയില്‍ പുതുതായി നടപ്പിലാക്കിയ വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വിസ പ്രോഗ്രാമിന് കീഴില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 40000 ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയതായി ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ് മന്ത്രി മാറ്റ് തിസ്ലെത്ത്വെയിറ്റ് തിങ്കളാഴ്ച അറിയിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് അവധിയാഘോഷിക്കുന്നതിനൊപ്പം പഠിക്കുന്നതിനും ഒപ്പം ജോലി ചെയ്യുന്നതിനും അവസരം നല്‍കുന്നതാണ് ഈ വിസ പദ്ധതി. 2024 സെപ്റ്റംബര്‍ 16നാണ് ഈ പദ്ധതിയില്‍ ഇന്ത്യ ഉദ്യോഗികമായി ചേരുന്നത്.

18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ ഒരു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നതാണ് ഈ വിസ പദ്ധതി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണിതെന്ന് വിസ പദ്ധതിയുടെ ലോഞ്ചിംഗ് ഇവന്റില്‍ അദ്ദേഹം പറഞ്ഞു. ''വിസ ബാലറ്റ് പ്രക്രിയ ഈ മാസം ഒന്നാം തീയതി ആരംഭിച്ചു. ഒക്ടോബര്‍ അവസാനത്തോടെ ഇത് അവസാനിക്കും. അതിനുശേഷം ഉദ്യോഗാര്‍ഥികളെ ക്രമരഹിതമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ ഓസ്ട്രേലിയയില്‍ താമസം ആരംഭിക്കാവുന്നതാണ്,'' അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യുവതീയുവാക്കള്‍ക്ക് ഓസ്ട്രേലിയന്‍ സംസ്‌കാരം പരിചയപ്പെടാനും വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം നേടാനുമുള്ള അവസരമാണ് വിസ നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഈ വിസ പദ്ധതിയുടെ കീഴില്‍ ഓസ്ട്രേലിയയില്‍ എത്തുന്നവര്‍ക്ക് ജോലി ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇതാണ് ഈ വിസ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മന്ത്രി വ്യക്തമാക്കി. 1000 വിസ സ്പോട്ടുകള്‍ക്കായി ഇതുവരെ 40,000 അപേക്ഷകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''നിരവധിപ്പേര്‍ ഹോസിപിറ്റാലിറ്റി രംഗത്തും കൃഷിയിലും ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഹ്രസ്വകാല കോഴ്സുകള്‍ ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും അവസരമുണ്ട്. ഈ വിസ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്നുണ്ട്,'' മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends