ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ല, ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണ്'; വസതി ലക്ഷ്യമിട്ടതിന് പിന്നാലെ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം

ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ല, ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണ്'; വസതി ലക്ഷ്യമിട്ടതിന് പിന്നാലെ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം
വസതിയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ല' എന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണെന്നും സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ നെതന്യാഹു വ്യക്തമാക്കി. തന്റെ വീടിന് നേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നത്. ഈ സമയത്ത് നെതന്യാഹു വസതിയില്‍ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തില്‍ ആളപായമില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിരുന്നു. യുഎവി ആക്രമണമാണ് നടന്നതെന്നും ആളപായമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഡ്രോണ്‍ വിക്ഷേപിച്ചത് ലെബനനില്‍ നിന്നാണെന്നാണ് ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, തലയില്‍ വെടിയേറ്റാണ് യഹിയ സിന്‍വാര്‍ മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിന്‍വാറിന്റെ കൈ തകര്‍ന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങള്‍ക്കിടെ സിന്‍വാറിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് സിന്‍വാറിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെന്‍ കുഗേല്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഡോ. ചെന്‍ കുഗേല്‍ ഇക്കാര്യം വിശദമാക്കിയത്. സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends