ശൗര്യചക്ര ജേതാവിനെ കൊന്ന കേസിലെ പ്രതി കാനഡയിലെ അതിര്‍ത്തിസേനയില്‍ ജോലിചെയ്യുന്നുവെന്ന് ഇന്ത്യ ; രൂക്ഷ വിമര്‍ശനം

ശൗര്യചക്ര ജേതാവിനെ കൊന്ന കേസിലെ പ്രതി കാനഡയിലെ അതിര്‍ത്തിസേനയില്‍ ജോലിചെയ്യുന്നുവെന്ന് ഇന്ത്യ ; രൂക്ഷ വിമര്‍ശനം
ഖലിസ്ഥാനി ഭീകരനായ 'സണ്ണി' എന്നറിയപ്പെടുന്ന സന്ദീപ് സിംഗ് സിദ്ധു കാനഡയിലെ ബോര്‍ഡര്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നതില്‍ ഇന്ത്യ ആശങ്കയറിയിച്ചു. ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗ് സന്ധുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. 2020 ഒക്ടോബറിലാണ് പഞ്ചാബിലെ ഭിഖിവിന്ദ് നഗരത്തിലെ വീട്ടില്‍ വെച്ച് ബല്‍വീന്ദര്‍ വെടിയേറ്റ് മരിച്ചത്.

1990കളില്‍ തീവ്രവാദത്തിനെതിരെ നിലയുറപ്പിക്കുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്തതിനാണ് സന്ധുവിനെ ശൗര്യചക്ര നല്‍കി രാജ്യം ആദരിച്ചത്.

കനേഡിയന്‍ ഏജന്റ് വഴി സന്ദീപ് സിംഗ് സിദ്ധു ലഹരിമരുന്നും ആയുധങ്ങളും കടത്താന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ബല്‍വീന്ദറിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് ലക്ബീര്‍ സിംഗ് റോഡുമായും സന്ദീപിന് ബന്ധമുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായും സന്ദീപിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിബിഎസ്എയില്‍ സന്ദീപ് സിംഗ് സിദ്ധുവിന് ഈയടുത്ത് പ്രമോഷന്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാനി ഭീകരന്‍മാരാണ് ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എന്‍ഐഎ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ഈ ആഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

സുഖ് ബിക്കാരിവാള്‍ എന്നറിയപ്പെടുന്ന സുഖ്മീത് പാല്‍ സിംഗ്, സണ്ണി ടൊറന്റോ (കാനഡയിലെ ഖാലിസ്ഥാനി ലിബറേഷന്‍ ഫോഴ്സ് പ്രവര്‍ത്തകന്‍), റോഡ് എന്നറിയപ്പെടുന്ന ലക്ബീര്‍ സിംഗ് (ജര്‍നെയ്ല്‍ ഭിന്ദ്രന്‍വാലയുടെ അനന്തരവന്‍. ഭീകരസംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെയും ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെയും തലവന്‍) എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം മുറുകുകയാണ്.

Other News in this category



4malayalees Recommends