യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം 15 മിനിറ്റ് കളക്ടറുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്, കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണം സംഘം ശേഖരിച്ചു

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം 15 മിനിറ്റ് കളക്ടറുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്, കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണം സംഘം ശേഖരിച്ചു
യാത്രയയപ്പ് ചടങ്ങിന് ശേഷം കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജില്ലാ കളക്ടറെ കണ്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങളെ പറ്റി കളക്ടറോട് സംസാരിച്ചു, 15 മിനിറ്റോളം ഇരുവരും തമ്മില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണം സംഘം ശേഖരിച്ചിട്ടുണ്ട്.

കളക്ടറുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചത്. ഇക്കഴിഞ്ഞ 14ന് രാത്രി പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസിലായിരുന്നു നവീന്‍ ബാബു പത്തനംതിട്ടയിലേക്ക് മടങ്ങാനിരുന്നത്. രാത്രി 8.55നായിരുന്നു കണ്ണൂര്‍ നിന്നും ട്രെയിന്‍ വിടുന്ന സമയം.

രാത്രി എട്ട് മണി വരെ നവീന്‍ ബാബു റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്കോ പ്ലാറ്റ് ഫോമിലേക്കോ എത്തിയിരുന്നില്ല. ഔദ്യോഗിക വാഹനത്തിലായിരുന്നു അദ്ദേഹം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷന്‍ എത്തുന്നതിന് 200 മീറ്റര്‍ അകലെ മുനീശ്വരന്‍ കോവിലിന് സമീപത്തായിരുന്നു അന്ന് ഡ്രൈവര്‍ നവീന്‍ ബാബുവിനെ ഇറക്കിയത്. സുഹൃത്ത് വരാനുണ്ടെന്നും തന്നെ കോവിലിന് സമീപം ഇറക്കിയാല്‍ മതിയെന്നും നവീന്‍ ബാബു പറഞ്ഞിരുന്നതായി ഡ്രൈവര്‍ പറയുന്നു. കോവിലില്‍ കുറച്ചു സമയം ചിലവഴിച്ച നവീന്‍ ബാബു, ശേഷം വൈകീട്ട് 6.45ഓടെ ഓട്ടോയില്‍ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങി.

എട്ട് മണിയോടെ വസതിയില്‍ നിന്നും ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങിയെങ്കിലും എത്തിയപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്‍ ബാബു സറ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്നത്. വീണ്ടും പള്ളിക്കുന്നിലെ വസതിയിലേക്ക് പോയി. പുലര്‍ച്ചെ നാലിനും ആറിനും ഇടയിലായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ.

Other News in this category



4malayalees Recommends