കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാവും അപേക്ഷ നല്‍കുക. അതേസമയം നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരും.
വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.
ദിവ്യക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ ശരിവെച്ചാണ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളഞ്ഞു. അതിനിടെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും.