'എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ല, പറഞ്ഞത് അഴിമതിക്കെതിരെ'; പി പി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

'എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ല, പറഞ്ഞത് അഴിമതിക്കെതിരെ'; പി പി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞത് അഴിമതിക്കെതിരെയാണെന്നും ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണ്.എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ല.ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്. അതേസമയം ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടര്‍ പറഞ്ഞിട്ടാണ്. യോഗത്തില്‍ പങ്കെടുക്കാന്‍ കളക്ടര്‍ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം പിപി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാവും അപേക്ഷ നല്‍കുക. അതേസമയം നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരും. വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം റിമാന്റിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കണോ എന്നതില്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

Other News in this category



4malayalees Recommends