പീഡനവീരനെ സംരക്ഷിക്കാന്‍ ശ്രമിച്ച് കുരുക്കിലായി ആര്‍ച്ച്ബിഷപ്പ്; നൂറോളം ആണ്‍കുട്ടികളെയും, പുരുഷന്‍മാരെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാരിസ്റ്ററെ പോലീസിന് വിട്ടുകൊടുക്കാതിരുന്നത് വിനയായി; ജസ്റ്റിന്‍ വെല്‍ബി രാജിവെയ്ക്കണമെന്ന് ന്യൂകാസില്‍ ബിഷപ്പും

പീഡനവീരനെ സംരക്ഷിക്കാന്‍ ശ്രമിച്ച് കുരുക്കിലായി ആര്‍ച്ച്ബിഷപ്പ്; നൂറോളം ആണ്‍കുട്ടികളെയും, പുരുഷന്‍മാരെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാരിസ്റ്ററെ പോലീസിന് വിട്ടുകൊടുക്കാതിരുന്നത് വിനയായി; ജസ്റ്റിന്‍ വെല്‍ബി രാജിവെയ്ക്കണമെന്ന് ന്യൂകാസില്‍ ബിഷപ്പും
ലൈംഗിക പീഡന പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കാതെ മറച്ചുവെച്ചതായി വെളിപ്പെട്ടതോടെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജിസമ്മര്‍ദം നേരിടുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും വെല്‍ബിയെ പിന്തുണയ്ക്കാതെ വന്നതോടെ പദവിയ്ക്ക് ഇളക്കം തട്ടുമെന്നാണ് സൂചന.

കൂടാതെ സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് പദവി രാജിവെയ്ക്കണമെന്ന് ന്യൂകാസില്‍ ബിഷപ്പ് കൂടി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുട്ടികളെയും, പുരുഷന്‍മാരെയും പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജസ്റ്റിന്‍ വെല്‍ബി തയ്യാറായില്ലെന്ന് വ്യക്തമായതോടെയാണ് ന്യൂകാസില്‍ ബിഷപ്പ് ഹെലെന്‍ ആന്‍ ഹാര്‍ട്‌ലി രാജി വെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജിക്കായി മുറവിളി ഉയരുന്നതിനിടെയാണ് സീനിയര്‍ ബിഷപ്പ് പരസ്യനിലപാട് സ്വീകരിച്ചത്. ജനറല്‍ സിനഡിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ വെല്‍ബിയുടെ രാജിക്കുള്ള ഹര്‍ജിയില്‍ 7500 ഒപ്പുകള്‍ ലഭിച്ച് കഴിഞ്ഞു. പല ഉന്നത പുരോഹിതന്‍മാരും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ബാരിസ്റ്റര്‍ ജോണ്‍ സ്മിത്തിന് എതിരായ റിവ്യൂവിലാണ് നൂറിലേറെ ആണ്‍കുട്ടികളെയും, യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെല്‍ബി മാപ്പ് പറഞ്ഞിരുന്നു. സംഭവങ്ങള്‍ 2013-ല്‍ തന്നെ വെല്‍ബി പോലീസിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് റിവ്യൂ കണ്ടെത്തി. 1980-കള്‍ മുതല്‍ തന്നെ സ്മിത്തിന്റെ ചെയ്തികളെ കുറിച്ച് വെല്‍ബിക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിവ്യൂ വ്യക്തമാക്കിയത്.

Other News in this category



4malayalees Recommends