കാനഡ പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചതോടെ അതിവേഗ സ്റ്റുഡന്റ് വീസ പ്രൊസസിങ് രീതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ഇല്ലാതാകുമെങ്കിലും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം ബാധകമായിരുന്ന എസ്ഡിഎസ് പിന്‍വലിച്ചതോടെ വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു ബാധകമായ നിബന്ധനകള്‍ മാത്രമേ ഇനി മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാകൂ.
2018 ല്‍ നടപ്പാക്കിയ എസ്ഡിഎസ് പ്രകാരം വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് ഇനത്തിലും ജീവിത ചെലവ് ഇനത്തിലുമായി ഏകദേശം 25 ലക്ഷത്തോളം രൂപ മുന്‍കൂറായി കണ്ടെത്തണമായിരുന്നു. പുതിയ നയം വന്നതോടെ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിദേശ വിദ്യാര്‍ത്ഥികളേയും പോലെ ഒരു സെമന്‍സ്റ്ററിന്റെ മാത്രം ഫീസ് മുന്‍കൂറായി അടച്ചാല്‍ മതിയാകും. മറ്റു ചെലവുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് ലെറ്റര്‍, ലോണ്‍ ലെറ്റര്‍ എന്നിവ സമര്‍പ്പിച്ചാല്‍ മതി. സാമ്പത്തികമായി ഇതു വിദ്യാര്‍ത്ഥികള്‍ക്കു വലിയ ആശ്വാസമാകും. തൊഴിലില്ലായ്മ നിരക്കു ലോകത്ത് ഏറ്റവും കുറവുള്ള കാനഡ വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് സാന്റാമോണിക്ക സ്റ്റഡി അബ്രോഡ് എംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു.
ഗുണനിലവാരമുള്ള ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ക്കാണ് കാനഡ മുന്‍ഗണന നല്‍കുന്നത്.
ആയിരത്തോളം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക രണ്ടു മാസം മുമ്പ് കാനഡ പുറത്തുവിട്ടിരുന്നു.