യുഎസില്‍ പ്രസിഡന്റായി ട്രംപ് എത്തുന്നതോടെ കുടിയേറ്റക്കാരുടെ എണ്ണം കൂടുമെന്ന ആശങ്കയിലാണ് കാനഡ. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കൂട്ട നാടുകടത്തല്‍ പ്രതീക്ഷിക്കുന്നതിനാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം ഏറിയേക്കും. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ കാനഡയില്‍ അഭയം തേടാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ എത്രത്തോളം ബാധിക്കുമെന്ന് നോക്കുകയാണ് അയല്‍ രാജ്യങ്ങളും.
അതിര്‍ത്തിയില്‍ ജാഗ്രത തുടരുകയാണ്. കാരണം കുടിയേറ്റത്തെ കുറിച്ചുള്ള ട്രംപിന്റെ നിലപാട് കാനഡയിലേക്കുള്ള നിയമ വിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റത്തിന് കാരണമാകും, കനേഡിയന്‍ മൗണ്ടഡ് പൊലീസ് വക്താവ് പറഞ്ഞു.
2017 മുതല്‍ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ടേമില്‍ യുഎസ് സംരക്ഷണം നഷ്ടമായ ഹെയ്തിക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ കാനഡയിലേക്ക് പലായനം ചെയ്തിരുന്നു. കാനഡയിലേക്ക് കുടിയേറുന്നതിനായും ഇമിഗ്രേഷന്‍ സേവനങ്ങളെ പറ്റിയും യുഎസില്‍ നിന്നുള്ള ഗൂഗിള്‍ തിരയലുകള്‍ ട്രംപിനെ തിരഞ്ഞെടുത്ത ശേഷം വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു.