ഇന്ത്യന്‍ വംശജയായ ഗുര്‍സിമ്രാന്‍ കൗറിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് കാനേഡിയന്‍ പൊലീസ്. കഴിഞ്ഞ മാസമാണ് യുവതിയെ വാള്‍മാര്‍ട്ട് സ്റ്റോറിനകത്തെ വലിയ വാക് ഇന്‍ ഓവനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും മറ്റാരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് തിങ്കളാഴ്ച കാനഡയിലെ ഹാലിഫാക്സ് റീജ്യണല്‍ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.
19 വയസുകാരിയായ ഗുര്‍സിമ്രാന്‍ കൗര്‍ ഒക്ടോബര്‍ 19നാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു അവര്‍. ഗുര്‍സിമ്രാന്റെ അമ്മയും ഇവിടെത്തന്നെ ജോലി ചെയ്യുകയാണ്. ഒരാള്‍ക്ക് നടന്നുകയറാവുന്നത്ര വലിപ്പത്തിലുള്ള ഓവനിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 'സംഭവത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നത് മനസിലാക്കുന്നു. വിശദമായി അന്വേഷണത്തിന് സമയമെടുത്തു. അതിന്റെ ഭാഗമായി നിരവധിപ്പേരെ ചോദ്യം ചെയ്യുകയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ സംബന്ധിച്ച സൂചനകളൊന്നും അന്വേഷണത്തില്‍ ലഭിച്ചില്ല. പൊതുജനങ്ങള്‍ക്ക് ഈ കേസിലുള്ള താത്പര്യം മനസിലാക്കുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ട്' - ഹാലിഫാക്സ് റീജ്യണല്‍ പൊലീസ് വിഭാഗത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാര്ട്ടിന് ക്രോംവെല്‍ പറഞ്ഞു.
അതേസമയം യുവതിയുടെ മരണത്തിന് കാരണമായ ഓവന്, പുറത്തു നിന്ന് ഓണ്‍ ചെയ്യപ്പെട്ടതാണെന്നും അതിന്റെ ഡോര്‍ ഹാന്‍ഡില്‍ തുറക്കാന്‍ നല്ല ബുദ്ധിമുട്ടാണെന്നും ഗുര്‍സിമ്രാന്റെ ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ബ്രീസ് എന്ന യുവതി ടിക്ടോക് വീഡിയോയില്‍ ആരോപിച്ചിരുന്നു. ഓവനിനകത്ത് കുനിഞ്ഞ് വേണം കയറാന്‍. അകത്ത് ഒരു എമര്‍ജന്‍സി ലാച്ച് സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ ഒരു തൊഴിലാളിക്ക് ജോലിയുടെ ഭാഗമായി ഓവനിനകത്തേക്ക് കയറേണ്ട ആവശ്യമില്ലെന്നും അതുകൊണ്ടുതന്നെ അകത്ത് കയറി തനിയെ ലോക്ക് ചെയ്യാന്‍ ഒരു സാധ്യതയുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഓവന്റെ ഡോര്‍ സ്വയം അടയുന്നതല്ലെന്ന് മറ്റൊരു ജീവനക്കാരിയായ മേരിയും പറഞ്ഞു. അത്തരത്തിലല്ല അത് രൂപകല്പന ചെയ്തിരിക്കുന്നത്. ശക്തിയായി പിടിച്ച് അടച്ച് ക്ലിക് ശബ്ദം കേള്‍ക്കുമ്പോഴാണ് ഡോര്‍ അടയുന്നത്. സ്വയം അകത്ത് കയറി വാതിലടച്ചു എന്നത് വിശ്വസനീയമല്ലെന്നാണ് അവരും അഭിപ്രായപ്പെട്ടത്. ഗുര്‍സിമ്രാന്റെ അച്ഛനും സഹോദരനും ഇന്ത്യയിലാണ് താമസിക്കുന്നത്.