യോര്‍ക്ക് ഗായകന്‍ മോഡി തോമസിന് വിട നല്‍കാന്‍ യുകെ മലയാളികള്‍ ; പൊതുദര്‍ശനം 21ന്

യോര്‍ക്ക് ഗായകന്‍ മോഡി തോമസിന് വിട നല്‍കാന്‍ യുകെ മലയാളികള്‍ ; പൊതുദര്‍ശനം 21ന്
യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകന്‍ മോഡി തോമസ് ചങ്കന്റെ (55) പൊതുദര്‍ശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. അതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്.

യോര്‍ക്കിന് സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനവും ഒരുക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് മോഡി. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ മലയാളികളുടെ മറ്റെല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. അവയെ എല്ലാം മോഡി തന്റെ പാട്ടുകള്‍കൊണ്ട് കൂടുതല്‍ ഇമ്പമുള്ളതാക്കുകയും ചെയ്തിരുന്നു.

ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ പരേതരായ സി എ തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരന്‍ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്.

ഭാര്യ ; സ്റ്റീജ, പൂവത്തുശ്ശേരി തെക്കിനേടത്ത് കുടുംബാംഗം . ലീഡ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റോയ്‌സ് മോഡി, എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്ന മോഡി എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍ ; പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്‌സണ്‍ തോമസ്, പ്രിന്‍സ് ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോണ്‍സണ്‍.

Other News in this category



4malayalees Recommends