അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാന്റുകളുള്ള കമ്പനികള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റുള്ള മരുന്നുകള്‍ക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയില്‍ പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികള്‍ക്കും ഇത് ബാധകമാകില്ല.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025 ന്റെ ആദ്യ പകുതിയില്‍ 3.7 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആധിപത്യമുള്ള ബ്രാന്‍ഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളെയാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ജനറിക്, സ്‌പെഷ്യാലിറ്റി മരുന്നുകള്‍ പരിശോധനയ്ക്ക് വിധേയമാകുമോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം അമേരിക്കയില്‍ പ്ലാന്റുള്ള ഇന്ത്യന്‍ കമ്പനികളും ആശങ്കപ്പെടേണ്ടതില്ല.
സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിന്‍ എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ഇതിനകം അമേരിക്കയില്‍ പ്ലാന്റുണ്ട്. അതിനാല്‍ തന്നെ കമ്പനികള്‍ക്ക് ഭയക്കേണ്ട സാഹചര്യമില്ല. യുഎസ് വിപണിയിലെ പ്രധാന ബ്രാന്‍ഡഡ് കമ്പനിയായ ബയോകോണും ഈ മാസം ആദ്യം യുഎസില്‍ ഒരു പുതിയ പ്ലാന്റ് കമ്മീഷന്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ തീരുമാനവും ബാധിക്കപ്പെട്ടില്ല. മറ്റൊരു പ്രധാന കമ്പനിയായ സണ്‍ ഫാര്‍മയ്ക്ക് പക്ഷെ അമേരിക്കയില്‍ പ്ലാന്റില്ല. അതിനാല്‍ തന്നെ അമേരിക്ക ആസ്ഥാനമായുള്ള നിര്‍മ്മാണ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ബാധിച്ചേക്കും.