യുവജന വിപ്ലവത്തിന് സമയമായി, യുവാക്കള്‍ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും ; വിവാദ പോസ്റ്റുമായി ടിവികെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആധവ്
കരൂരിലെ ടിവികെ റാലിയിലുണ്ടായ ദുരന്തത്തിന് പിന്നാലെ വിവാദ പോസ്റ്റുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന. യുവാക്കള്‍ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നുമാണ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. പൊലീസ് ടിവികെ പ്രവര്‍ത്തകനെ തല്ലുന്ന ദൃശ്യങ്ങള്‍ക്കൊപ്പമാണ് ആധവിന്റെ പോസ്റ്റ്. ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം മാത്രമാണ് പൊലീസ് നില്‍ക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കള്‍ തെരുവിലിറങ്ങണമെന്നും ആധവ് പറയുന്നുണ്ട്.
ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്. ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറല്‍ സെക്രട്ടറിയായ ആധവ് അര്‍ജുനയ്ക്കാണ്.