അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗിച്ച് യുകെയില്‍ തങ്ങാന്‍ പഴുതൊരുക്കുന്ന പരാജിതരായ അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചടി നല്‍കാന്‍ കീര്‍ സ്റ്റാര്‍മര്‍. യുകെയില്‍ ഈ നിയമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഭേദഗതി വരുത്തി നാടുകടത്തലിനെ പ്രതിരോധിക്കുന്നത് അവസാനിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം.
മനുഷ്യാവകാശ നിയമങ്ങള്‍ കീറിയെറിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ യുകെ കോടതികളില്‍ ഇത് വിലയിരുത്തുന്ന രീതിയെ കുറിച്ചും വീണ്ടുവിചാരം ആവശ്യമായി വരുമെന്ന് സ്റ്റാര്‍മര്‍ സമ്മതിക്കുന്നു.
പീഡനങ്ങള്‍ വിലക്കുന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിലെ ആര്‍ട്ടിക്കിള്‍ 3, കുടുംബജീവിതത്തിന് അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 8 എന്നിവയാണ് പൊതുവില്‍ പരാജിതരായ അഭയാര്‍ത്ഥികള്‍ നാടുകടത്തല്‍ തടയാന്‍ വിനിയോഗിക്കുന്നത്. എന്നാല്‍ കൊടുംകുറ്റവാളികള്‍ പോലും ഇത് ഉപയോഗിച്ച് നാടുകടത്തല്‍ തടയുന്നത് ബ്രിട്ടന് പ്രതിസന്ധിയാണ്.
ഇതിനിടെ ചാനല്‍ കുടിയേറ്റം റിഫോം നേതാവ് നിഗല്‍ ഫരാഗിന്റെ കുറ്റമാണെന്നും സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് ഇതിന് അനുകൂലമായി പ്രചരണം നടത്തിയ ഫരാഗാണെന്നാണ് ഈ ആരോപണത്തിന് പിന്നില്‍. അതേസമയം ലേബറിന്റെ ജനപിന്തുണ വീണ്ടും ഇടിയുകയും, റിഫോം യുകെ വീണ്ടും മുന്നേറുകയും ചെയ്യുന്നതായി സര്‍വ്വെകള്‍ കണ്ടെത്തി.