ബിബിസിയുടെ രഹസ്യ ചിത്രീകരണത്തില്‍ ലണ്ടനിലെ മെട്രോ പൊലീസിന്റെ തനി സ്വഭാവം പുറത്തുവന്നിരിക്കുകയാണ്. വംശീയതയും സ്ത്രീ വിദ്വേഷ നിലപാടുകളും കുടിയേറ്റ വിരുദ്ധ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടേതെന്ന് വ്യക്തം.
ലൈംഗീക അതിക്രമ പരാതികളെ പരിഹസിക്കുന്ന ഓഫീസര്‍മാരുടെ ദൃശ്യവുമുണ്ട്. ഏഴു മാസം നീണ്ട രഹസ്യ അന്വേഷണത്തില്‍ സര്‍ജന്റ് ജോ മക്കില്‍വെന്നി അടക്കമുള്ള ഓഫീസര്‍മാര്‍ സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങളും കുടിയേറ്റ വിരുദ്ധ പ്രസ്താവനയും നടത്തുന്നുണ്ട്. വിസ കാലാവധി തീര്‍ത്ത കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്നു തുറന്നുപറയുന്ന ദൃശ്യവും പുറത്തുവന്നു.
സംഭവത്തിന് പിന്നാലെ എട്ട് ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി മെട്രോ പൊളിറ്റന്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പെരുമാറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
2022 മുതല്‍ 1400 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുല്യ നീതി ഉറപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ മനസിലിരുപ്പ് ഇതാണെന്ന് പുറത്തുവന്നതോടെ വന്‍ വിമര്‍ശനവും ഉയരുകയാണ്.