വെള്ളി, ശനി ദിവസങ്ങളിലായി യുകെയിലേക്ക് 80 എംപിഎച്ച് വേഗത്തിലുള്ള കാറ്റും, ശക്തമായ മഴയും സമ്മാനിക്കാന്‍ ആമി കൊടുങ്കാറ്റ് വരുമെന്ന് മെറ്റ് ഓഫീസ്. പുതിയ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റിന് പുറമെ ഹംബെര്‍ട്ടോ, ഇമെല്‍ഡാ എന്നിങ്ങനെ ചുഴലിക്കാറ്റുകളും അറ്റ്‌ലാന്റിക് കടന്ന് യുകെയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
യുകെയുടെ നോര്‍ത്ത്, വെസ്റ്റ് മേഖലകളിലാണ് ആമി കൊടുങ്കാറ്റ് ശക്തമായി പ്രഭാവം ചെലുത്തുക. ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പം ചേരുന്നതോടെ സ്ഥിതി കടുപ്പമാകും. ചുഴലിക്കാറ്റുകളുടെ സാന്നിധ്യം മൂലം കടലില്‍ ആമി കൊടുങ്കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചിട്ടുള്ളതായി മീറ്റിയോറോളജിസ്റ്റുകള്‍ പറഞ്ഞു.
വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ പ്രഖ്യാപിച്ച 31 മണിക്കൂര്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രത തുടരുകയാണ്. വെള്ളിയാഴ്ച കൊടുങ്കാറ്റ് എത്തുന്നതോടെ 12 മണിക്കൂര്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ 30 മണിക്കൂര്‍ മഴ മഞ്ഞ ജാഗ്രത ശനിയാഴ്ചയാണ് അവസാനിക്കുക.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മറ്റൊരു 14 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ ശനിയാഴ്ച രാവിലെ 6 വരെയാണ് ഇത് പ്രാബല്യത്തിലുള്ളത്. മഴ ശക്തമാകുമെന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്.