ബ്രിട്ടനെ നടുക്കി മാഞ്ചസ്റ്ററില്‍ നടന്നത് ഭീകരാക്രമണമെന്ന് പൊലീസ്. സിനഗോഗിന് പുറത്തു നിന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്.
പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും മറ്റുള്ളവരേയും ആക്രമിച്ച അക്രമിയുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടഞ്ഞത് ഒരു പുരോഹിതന്റെ ഇടപെടലായിരുന്നു. ഡബ്ബി ഡാനിയേല്‍ വാക്കറാണ് ഇടപെടല്‍ നടത്തിയ പുരോഹിതന്‍.
സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു .ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് അക്രമി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതിലൂടെ സാധിച്ചു.
2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്കിലെ സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍. എല്ലാവരേയും സംരക്ഷിച്ചു നിര്‍ത്തിയ റബ്ബിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണഅ മുന്നോട്ട് വന്നത്. ദേഹത്ത് ബോംബ് കെട്ടിവച്ചായിരുന്നു ആക്രമണം. ബോംബു സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്ത ശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്.
സ്‌ഫോടക വസ്തുക്കള്‍ നിയന്ത്രിത സ്‌ഫോടനം വഴി നശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ പ്രായമായവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സിനഗോഗിലുണ്ടായിരുന്നു. പലരും സിനഗോഗില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് പുറത്തിറങ്ങിയത്.
ബ്രിട്ടനില്‍ ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമുണ്ടായത്. 2014 ല്‍ മാത്രം 3500 ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ മുഴുവന്‍ ജൂത ആരാധനലായങ്ങളുടേയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിറങ്ങി. സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു.