മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന ജ്വല്ലറി ശൃംഖലക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. യുകെയിലെ ബര്‍മിംഗ്ഹാമിലെ പുതിയ ഷോറൂമിന്റെ പ്രചാരണത്തിനായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവാദ പാകിസ്ഥാനി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അലിഷ്ബ ഖാലിദിനെ കമ്പനി ഏര്‍പ്പാട് ചെയ്തതിനെ തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചാരണമുണ്ടായത്. മലബാര്‍ ഗോള്‍ഡ് പാകിസ്ഥാന്‍ അനുകൂലമാണെന്ന തരത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതിനെതിരെയാണ് മലബാര്‍ ഗോള്‍ഡ് കോടതിയെ സമീപിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്നുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനും മുമ്പ് ലണ്ടനിലെ ജാബ് സ്റ്റുഡിയോ വഴിയാണ് ഖാലിദിനെ നിയമിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കി. ആ സമയത്ത് അവരുടെ സ്വദേശവും രാഷ്ട്രീയ നിലപാടും അറിയുമായിരുന്നില്ലെന്നും കമ്പനി പറഞ്ഞു. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ സംഭവങ്ങള്‍ക്ക് ശേഷം ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് ഖാലിദിന്റെ പരാമര്‍ശങ്ങള്‍ വ്യാപകമായ വിമര്‍ശനത്തിന് കാരണമായിരുന്നു. പിന്നാലെ, നിരവധി ഉപയോക്താക്കള്‍ മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡിനെ ഇന്ത്യാ വിരുദ്ധതയുമായി ബന്ധപ്പെടുത്തി പോസ്റ്റുകള്‍ പങ്കുവെച്ചു.
ഉത്സവ സീസണിന് മുന്നോടിയായി ബിസിനസിന് കോട്ടം തട്ടുന്ന തരത്തില്‍ വിപണിയിലെ എതിരാളികള്‍ പ്രശ്‌നം വര്‍ദ്ധിപ്പിക്കുകയാണെന്ന് കമ്പനി കോടതിയില്‍ വാദിച്ചു. ബ്രാന്‍ഡിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ നൗഷാദ് എഞ്ചിനീയറാണ് ഹാജരായത്. അപകീര്‍ത്തികരമായ അവകാശവാദങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവത്തിന് ശേഷം അലിഷ്ബ ഖാലിദുമായുള്ള ബന്ധം മലബാര്‍ ഗോള്‍ഡ് വിച്ഛേദിച്ചതായും അദ്ദേഹം വ്യക്തമാക്കി. വാദങ്ങള്‍ കേട്ട ശേഷം, മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്), എക്സ് (മുമ്പ് ട്വിറ്റര്‍), ഗൂഗിള്‍ (യൂട്യൂബ്), ചില വാര്‍ത്താ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളോട് പരാതിയില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ആക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ജസ്റ്റിസ് സന്ദീപ് മാര്‍ണ്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
മലബാര്‍ ഗോള്‍ഡിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നതില്‍ നിന്ന് ഈ പ്ലാറ്റ്ഫോമുകളെ കോടതി വിലക്കുകയും ചെയ്തു. പ്രശസ്തിക്ക് ഹാനികരമാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി മലബാര്‍ ഗോള്‍ഡ് ഒരു കേസ് ഹാജരാക്കിയിട്ടുണ്ടെന്നും മെറ്റ, ഗൂഗിള്‍, എക്സ്, നിരവധി മാധ്യമ ഏജന്‍സികള്‍, ജെഎബി സ്റ്റുഡിയോസ് എന്നിവയുള്‍പ്പെടെയുള്ള പ്രതികള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി നിരീക്ഷിച്ചു.