മാഞ്ചസ്റ്ററിലെ സിനഗോഗിന് നേര്‍ക്ക് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊലയാളി ജിഹാദ് അല്‍ ഷാമി തീവ്ര ഇസ്ലാമിസ്റ്റായിരുന്നുവെന്ന് വെളിപ്പെടുത്തി തീവ്രവാദ വിരുദ്ധ പോലീസ്. സംഭവത്തിന് മുന്‍പ് ഇയാളെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സിനഗോഗില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ തീവ്രവാദ കുറ്റം ചുമത്തി ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറിയന്‍ വംശജനായ അല്‍ ഷാമിയെ സായുധ പോലീസാണ് വെടിവെച്ച് കൊന്നത്. അതേസമയം 35-കാരനായ ജിഹാദി ലൈംഗിക അതിക്രമ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.
ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ വിശ്വാസികള്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. ഇതിന് ശേഷം ആളുകളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ജൂത കലണ്ടറിലെ യോം കിപ്പൂര്‍ എന്ന വിശേഷ ദിനത്തിലായിരുന്നു അക്രമം. മറ്റ് നാല് പേര്‍ക്കും ഇവിടെ പരുക്കേറ്റു.
അക്രമി തീവ്ര ഇസ്ലാമിക ആശയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്ന് തീവ്രവാദ വിരുദ്ധ പോലീസ് പറയുന്നു. ഇതുവരെ തീവ്രവാദത്തിന് സഹായങ്ങള്‍ ചെയ്‌തെന്ന സംശയത്തില്‍ ആറ് പേര്‍ അറസ്റ്റിലായെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം പലസ്തീന്‍ അനുകൂല മാര്‍ച്ചുകളുമായി മുന്നോട്ട് പോകാനുള്ള സംഘാടകരുടെ തീരുമാനത്തിന് എതിരെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി. സിനഗോഗ് തീവ്രവാദി അക്രമത്തിന് ശേഷം ജൂത സമൂഹത്തോട് അല്‍പ്പം ബഹുമാനം കാണിക്കാനാണ് ഇപ്പോള്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെടുന്നത്.