രാജ്യത്തെ പിടിച്ചുലച്ച് മണിക്കൂറില്‍ 100 മൈല്‍ വേഗതയിലെത്തിയ എയ്മി കൊടുങ്കാറ്റ് .നിരവധി കെട്ടിടങ്ങളെ തകര്‍ത്തു. മരങ്ങള്‍ കടപുഴകി വീണപ്പോള്‍ കാര്‍ തകര്‍ന്നു. ഒരു ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.
ബെല്‍ഫാസ്റ്റില്‍ നടത്താനിരുന്ന മാന്‍ഫോര്‍ഡിന്റേതടക്കം നിരവധി പരിപാടികള്‍ പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്യുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. വിമാനം ഇറങ്ങുന്നതിനായി റണ്‍വേക്കരികില്‍ എത്തുന്നതിന്റെയും, കാറ്റില്‍ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. സ്‌കോട്ട്ലാന്‍ഡില്‍ 63,000 വീടുകളോളം ഇപ്പോഴും ഇരുട്ടിലാണ്. യുകെയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും ശക്തമായ എയ്മി കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലാസ്ഗോ, ബൂമിലോയില്‍ ആളൊഴിഞ്ഞ ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
സ്‌കോട്ട്ലാന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി ഒന്‍പതു മണിവരെ ഒരു ആംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. സ്‌കോട്ട്ലാന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ ഇംഗ്ലണ്ടിലും മുന്നറിയിപ്പുകള്‍ നിലവിലുണ്ടായിരുന്നു. അതിനിടെ പ്രതികൂല കാലാവസ്ഥ മൂലം സ്‌കോട്ട്ലാന്‍ഡില്‍ റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചതായി ട്രാഫിക് സ്‌കോട്ട്ലാന്‍ഡ് അറിയിച്ചു. നിരവധി പാലങ്ങള്‍ അടച്ചിടേണ്ടതായി വന്നു.
അതിനിടെ, വൈദ്യുതി വിതരണം തടസപ്പെട്ട 62,000 വീടുകളില്‍ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് അറിയിച്ചു. ഗതാഗതത്തെ സാരമായി ബാധിച്ച ചുഴലിക്കാറ്റ് ജന ജീവിതം സ്തംഭിപ്പിച്ചു.