നിക്കാഹിന് വധുവിന് പള്ളിയില്‍ പ്രവേശനം നല്‍കിയത് വീഴ്ച; അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി

നിക്കാഹിന് വധുവിന് പള്ളിയില്‍ പ്രവേശനം നല്‍കിയത് വീഴ്ച; അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി

സോഷ്യല്‍മീഡിയയിലടക്കം വൈറലായ കോഴിക്കോട്ടെ പള്ളിയില്‍ വധുവിന് നിക്കാഹ് കര്‍മ്മത്തിന് സാക്ഷിയാകാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മഹല്ല് കമ്മിറ്റി. കഴിഞ്ഞ 30ന് കോഴിക്കോട് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കി.


കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രസ്താവനയിറക്കിയത്. മഹല്ല് ജനറല്‍ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചതെന്നും അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്. സംഭവത്തില്‍ മഹല്ല് കമ്മിറ്റിയില്‍നിന്നോ അംഗങ്ങളില്‍നിന്നോ പണ്ഡിതരില്‍നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല.എന്നും യോഗം വിലയിരുത്തി.

അനുമതി ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും മഹല്ല് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പള്ളിയില്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയില്‍പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അര്‍ഹിക്കുന്ന മര്യാദകള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതില്‍ വധുവിന്റെ കുടുംബമാണ് ഉത്തരവാദികളെന്നും ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നതെന്നും മഹല്ല് ജമാഅത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഈ വിഷയത്തില്‍ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്. അതില്‍ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

പള്ളിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കുമെന്നും മഹല്ല് ജനറല്‍ ബോഡിയില്‍ വിശദീകരിക്കുമെന്നുമാണ് അറിയിപ്പ്.



Other News in this category



4malayalees Recommends