കളര്‍ പെന്‍സില്‍ വിഴുങ്ങി, നിലയ്ക്കാതെ ചുമ; കുട്ടിയെയും എടുത്ത് ആശുപത്രിയിലേയ്ക്ക്, അധ്യാപകരുടെ ഇടപെടലില്‍ ആറു വയസ്സുകാരന്‍ രക്ഷപ്പെട്ടു

കളര്‍ പെന്‍സില്‍ വിഴുങ്ങി, നിലയ്ക്കാതെ ചുമ; കുട്ടിയെയും എടുത്ത് ആശുപത്രിയിലേയ്ക്ക്, അധ്യാപകരുടെ ഇടപെടലില്‍ ആറു വയസ്സുകാരന്‍ രക്ഷപ്പെട്ടു
കളര്‍ പെന്‍സില്‍ വിഴുങ്ങി അവശനിലയിലായ ആറുവയസുകാരനായ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച് അധ്യാപകര്‍. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് ആണ് അധ്യാപകരുടെ കൈപിടിച്ച് വീണ്ടും ജീവിതത്തിലേയ്ക്ക് കയറി വന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയില്‍പെട്ടത്.

കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടനടി സ്‌കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഈ യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ ടി.താരാനാഥ്, ബിനോയ് എന്നിവര്‍ കുട്ടിക്ക് കൃത്രിമശ്വാസം നല്‍കി കൊണ്ടേയിരുന്നു. നെഞ്ചില്‍ കൈവെച്ച് അമര്‍ത്തിയും പ്രഥമ ശുശ്രൂഷ നല്‍കി കൊണ്ടേയിരുന്നു. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയിലൂടെ പെന്‍സിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.

തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്. പാറയില്‍ കുഴിമ്പില്‍ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകന്‍ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍നിന്നു സമാഹരിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിച്ച അധ്യാപകരെ അഭിനന്ദിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.

Other News in this category



4malayalees Recommends