ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തില്‍ ഇരുന്ന രാജ്ഞി വിടവാങ്ങി; ദുഃഖത്തില്‍ മുങ്ങി ബ്രിട്ടന്‍; ആദരാഞ്ജലികള്‍ നേര്‍ന്ന് ലോകം; ആരോഗ്യസ്ഥിതി വഷളായത് അതിവേഗം; അവസാനനിമിഷത്തില്‍ ചാള്‍സും, ആനിയും കൈപിടിച്ച് അരികില്‍

ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തില്‍ ഇരുന്ന രാജ്ഞി വിടവാങ്ങി; ദുഃഖത്തില്‍ മുങ്ങി ബ്രിട്ടന്‍; ആദരാഞ്ജലികള്‍ നേര്‍ന്ന് ലോകം; ആരോഗ്യസ്ഥിതി വഷളായത് അതിവേഗം; അവസാനനിമിഷത്തില്‍ ചാള്‍സും, ആനിയും കൈപിടിച്ച് അരികില്‍

ഒരു യുഗത്തിന് അവസാനം. 15 പ്രധാനമന്ത്രിമാരെ കണ്ട, ബ്രിട്ടീഷ് രാജവാഴ്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള യാത്രയില്‍ ഇടനിലക്കാരിയായി നിലകൊണ്ട എലിസബത്ത് രാജ്ഞി വിടവാങ്ങി. ചാള്‍സ് രാജകുമാരനും, ആനി രാജകുമാരിയും അരികില്‍ നില്‍ക്കുമ്പോഴാണ് ബാല്‍മൊറാലില്‍ വെച്ച് രാജ്ഞി സമാധാനപൂര്‍ണ്ണമായി മരണത്തെ പുല്‍കിയത്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആദരാഞ്ജലികളുടെ ഒഴുക്കാണ് ഇതോടെ ആരംഭിച്ചിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരമാണ് ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തില്‍ ഇരുന്ന എലിസബത്ത് രാജ്ഞി 2 മരണപ്പെട്ട വിവരം സ്ഥിരീകരിച്ചത്. ഇതോടെ മകന്‍ ചാള്‍സ് രാജാവായി. ചാള്‍സ് രാജാവ് മൂന്നാമനായി മാറിയ ചാള്‍സ് രാജ്യത്തിന്റെ ദുഃഖത്തിലേക്ക് ആദ്യ വാക്കുകള്‍ പകര്‍ന്നു.

'എന്റെ പ്രിയപ്പെട്ട അമ്മയുടെ മരണം, ഹെര്‍ മജസ്റ്റി ദി ക്യൂന്‍, എനിക്കും, കുടുംബത്തിലെ എല്ലാവര്‍ക്കും അതീവദുഃഖം സമ്മാനിക്കുന്ന നിമിഷമാണ്. ആഘോഷിക്കപ്പെട്ട ഒരു ഭരണാധികാരിയുടെയും, സ്‌നേഹിക്കപ്പെട്ട ഒരു അമ്മയുടെയും വിയോഗത്തില്‍ അഗാധ ദുഃഖത്തിലാണ്. ഈ നഷ്ടം രാജ്യം മുഴുവന്‍ അനുഭവപ്പെടും, റെലം മുതല്‍ കോമണ്‍വെല്‍ത്ത് വരെയും ഇത് എത്തും, ലോകത്തിലെ എണ്ണാന്‍ കഴിയാത്ത ആളുകളും ദുഃഖത്തില്‍ പങ്കെടുക്കും. രാജ്ഞിയോടുള്ള ബഹുമാനവും, ഇഷ്ടവും ഇത്രയൊക്കെ ഉണ്ടെന്ന അറിവ് എനിക്കും, കുടുംബത്തിനും ആശ്വാസമാകും', ചാള്‍സ് രാജാവ് പ്രസ്താവിച്ചു.

രണ്ട് ദിവസം മുന്‍പാണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസിനെ രാജ്ഞി ഔദ്യോഗികമായി ഭരണചക്രത്തിന്റെ സാരഥ്യം ഏല്‍പ്പിച്ചത്. രാജ്യത്തിനും, ലോകത്തിനും ഈ മരണം ഞെട്ടലാണ് സമ്മാനിച്ചതെന്ന് ലിസ് ട്രസ് പ്രതികരിച്ചു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതോടെയാണ് പൊടുന്നനെ കാര്യങ്ങള്‍ മാറിമറിഞ്ഞത്. ചാള്‍സ് രാജകുമാരനും, സഹോദരി ആനിയുമാണ് മരണസമയത്ത് അരികിലുണ്ടായിരുന്നത്.

വാര്‍ത്ത അറിഞ്ഞ് മരണത്തിന് മുന്‍പ് അരികിലെത്താന്‍ വില്ല്യമും, ഹാരിയും ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തന്റെ ഡ്യൂട്ടിയെ അവസാന സമയത്തും പ്രാമുഖ്യം നല്‍കിയ വ്യക്തിയാണ് 96-കാരിയായ രാജ്ഞി. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ മരിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ തന്നെ രാജ്ഞി സേവനത്തില്‍ മടങ്ങിയെത്തി. അവസാന കാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ആരോഗ്യം വീണ്ടെടുത്ത് മടങ്ങുന്നതായിരുന്നു എലിസബത്ത് രാജ്ഞിയുടെ ശീലം. പക്ഷെ ഇക്കുറി അതുണ്ടായില്ല!

Other News in this category



4malayalees Recommends