പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം ; ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം

പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം ;  ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം
പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുല്‍ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. മുന്‍ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ്‍ രാഹുലിന്റെ കയ്യിലായിരുന്നതിനാല്‍ വീട്ടുകാരെ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ്‌ഐആറില്‍ പറയുന്നില്ലന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends