കാണാതായ നാലു വയസുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ; കെയര്‍ ടേക്കര്‍ അറസ്റ്റില്‍

കാണാതായ നാലു വയസുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ; കെയര്‍ ടേക്കര്‍ അറസ്റ്റില്‍
കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്. ജനുവരി 10 മുതല്‍ അഥീനയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ കെയര്‍ ടേക്കറായ അലിഷ്യ ആഡംസ് (31), ഇവോണ്‍ ആഡംസ്(36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഒക്ലഹോമയിലെ ഗ്രാഡി കൗണ്ടിയിലെ ഒരു കുഴിയില്‍ കണ്ടെത്തിയത്. പിന്നീട് ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഒക്ലഹോമ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിലേക്ക് മാറ്റി.

തിരച്ചിലിന്റെ ഭാഗമായി, ഒഴിഞ്ഞു കിടക്കുന്ന വീടുകളും പ്രാദേശിക ജലപാതയും ഉള്‍പ്പെടെ സന്നദ്ധ പ്രവര്‍ത്തകര്‍ നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിരുന്നു. കോടതി രേഖകള്‍ അനുസരിച്ചു അഥീന കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന സൂചനയാണ് നല്‍കുന്നത്.

ചോദ്യം ചെയ്തപ്പോള്‍ അലഷ്യ പറഞ്ഞത് തന്റെ ഭര്‍ത്താവ് അഥീനയെ കഴുത്തു ഞെരിക്കുകയും അബോധാവസ്ഥയില്‍ നിലത്തുവീണ കുട്ടിയുടെ മാറില്‍ മൂന്നു തവണ ചവിട്ടുകയും ചെയ്തുവെന്നാണ്. ശരീരം നിശ്ചലമായി എന്നു ഉറപ്പു വരുത്തിയ ശേഷം മൃതശരീരം റൂഷ് സ്പ്രിങ്‌സിലുള പഴയ വീട്ടിന് സമീപമുള്ള ഫെന്‍സിനു താഴെ കുഴിച്ചുമൂടുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു. ഭര്‍ത്താവിനെതിരെ കൊല്ലക്കുറ്റം ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഥീനയേയും സഹോദരിയേയും കാണാതായിരുന്നുവെങ്കിലും അഞ്ചു വയസ്സുള്ള സഹോദരിയെ ഒരു തപാല്‍ ജീവനക്കാരന്‍ കണ്ടെത്തിയിരുന്നു. ഒക്ലഹോമ സിറ്റിയില്‍ നിന്ന് 65 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആയിരത്തോളം ആളുകള്‍ താമസിക്കുന്ന സിറില്‍ പട്ടണത്തിലെ അവരുടെ വീടിന് അടുത്തുള്ള തെരുവില്‍ നിന്നാണ് കണ്ടെത്തിയത്.

Other News in this category



4malayalees Recommends