ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചതായി പരാതി. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്‌കൂട്ടറാണ് തിങ്കളാഴ്ച കത്തിയമര്‍ന്നത്. രാവിലെ എട്ടോടെയാണ് ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്നത്. തീ വീട്ടിലേയ്ക്കും പടര്‍ന്ന് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
വാഹനത്തിനും വീടിനുമുണ്ടായ നഷ്ടത്തിന് പരിഹാരം ലഭിക്കുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കയാണ് സിദ്ദീഖ്. നഷ്ടപരിഹാരം നല്‍കിയേ തീരുവെന്നാണ് കുടുംബത്തിന്റെ പക്ഷം. തീ ആളിപടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാല്‍ ദുരന്തങ്ങളിലേയ്ക്ക് വഴിവെച്ചില്ല.
തളിപ്പറമ്പിലെ ഷോറൂമില്‍നിന്ന് ഒന്നരവര്‍ഷം മുമ്പ് വാങ്ങിയ റൂട്ട് ഓട്ടോ ഇലക്ട്രിക്കലിന്റെ ഇഫ്‌ലൈ എന്ന മോഡലാണ് കത്തിനശിച്ചത്. സ്‌കൂട്ടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നു. ഇത് നിരന്തരം കമ്പനിയെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഡല്‍ഹിയില്‍നിന്ന് പുതിയ ബാറ്ററി അയച്ചിട്ടുണ്ടെന്നാണ് അവസാനം ലഭിച്ച മറുപടിയെന്നും കുടുംബം പറയുന്നു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.