കെഎസ്ആര്‍ടിസി ബസിടിച്ചു; തെറിച്ചു വീണത് ബസിനടയിലേയ്ക്ക്, ഭാഗ്യം കൊണ്ടു രക്ഷപ്പെടല്‍ ; ബസിന് അടിയില്‍ നിന്ന് യുവതിയെ തലമുടി മുറിച്ച് പുറത്തെടുത്തു

കെഎസ്ആര്‍ടിസി ബസിടിച്ചു; തെറിച്ചു വീണത് ബസിനടയിലേയ്ക്ക്, ഭാഗ്യം കൊണ്ടു രക്ഷപ്പെടല്‍ ; ബസിന് അടിയില്‍ നിന്ന് യുവതിയെ തലമുടി മുറിച്ച് പുറത്തെടുത്തു
റോഡ് മുറിച്ചുകടക്കവേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് അത്ഭുതരക്ഷ. ഇളംകാവ് മലകുന്നം സ്‌കൂള്‍ ബസിലെ ആയ, കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളിയാണ് തലനാരിഴയ്ക്ക് മരണവക്കില്‍ നിന്നും കരകയറിയത്. 36കാരിയെ മുടിമുറിച്ചാണ് വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. അപകടം കണ്ട് ഓടിയെത്തിയവരാണ് അമ്പിളിയ്ക്ക് തുണയായതും.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ബസിലെ കുട്ടികളെ ഇറക്കി റോഡ് കടത്തിവിട്ട ശേഷം തിരിച്ചുവരാന്‍ റോഡ് മുറിച്ചുകടക്കവേ അമ്പിളിയെ അടൂര്‍നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചു. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയുടെ മുകളിലാണ് ഇടതുഭാഗത്തെ ചക്രം നിന്നത്.

തലനാരിഴ മാറിയിരുന്നെങ്കില്‍ ജീവന്‍തന്നെ നഷ്ടമാകുമായിരുന്നു. ശേഷം മുടി മുറിച്ച് ബസിനടിയില്‍ നിന്ന് വലിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ അമ്പിളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡിസ്ചാര്‍ജ് ചെയ്തു.

Other News in this category4malayalees Recommends