ന്യൂ സൗത്ത് വെയില്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ സാധ്യത. സംസ്ഥാനത്തിന്റെ ലേബര്‍ പാര്‍ട്ടിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിച്ചാല്‍ സംസ്ഥാനത്തെ എല്ലാ പബ്ലിക് സെക്കന്‍ഡറി സ്‌കൂളുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിക്കണമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രതിപക്ഷ നേതാവ് ക്രിസ് മിന്‍സ് നിര്‍ദ്ദേശിച്ചു.
സ്‌കൂളുകളില്‍ ഫോണുകള്‍ നിരോധിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും വ്യത്യസ്ത സമീപനങ്ങളാണ് നിലവിലുള്ളത്.
സംസ്ഥാനത്തുടനീളമുള്ള പബ്ലിക് പ്രൈമറി സ്‌കൂളുകളില്‍ നിലവില്‍ ഫോണുകള്‍ നിരോധിച്ചിരിക്കുന്നു, എന്നാല്‍ പബ്ലിക് സ്‌കൂളുകളില്‍ സ്ഥിതി വ്യത്യസ്ഥമാണ്. സംസ്ഥാനത്തെ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൊബൈല്‍ നിരോധിക്കാനാണ് മിന്‍സ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള തീരുമാനം നിലവില്‍ സ്‌കൂളിന് നല്‍കിയിരിക്കുകയാണ്. ഇതൊരു മികച്ച തീരുമാനമാകുമെന്നാണ് മിന്‍സ് പറയുന്നത്.ചാറ്റുകളും വീഡിയോകളും റീല്‍സും കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ തെറ്റിക്കുന്നു. അവരെ പഠനത്തില്‍ ശ്രദ്ധയുള്ളവരാക്കാന്‍ മൊബൈല്‍ ഉപയോഗം ക്ലാസില്‍ നിയന്ത്രിക്കണം.
ചില സ്വതന്ത്ര സെക്കന്‍ഡറി സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സ്‌കൂളുകള്‍ നിര്‍ബന്ധമാക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്.