മരിച്ചതായി വൃദ്ധ സദനത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു, തുണി ബാഗിലാക്കി അടച്ച് സൂക്ഷിച്ചതോടെ ശ്വാസത്തിനായി വലിച്ച് 66 കാരി ; വൃദ്ധ സദനത്തിന് 10000 ഡോളര്‍ പിഴ

മരിച്ചതായി വൃദ്ധ സദനത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു, തുണി ബാഗിലാക്കി അടച്ച് സൂക്ഷിച്ചതോടെ ശ്വാസത്തിനായി വലിച്ച് 66 കാരി ; വൃദ്ധ സദനത്തിന് 10000 ഡോളര്‍ പിഴ
അള്‍സിമേഴ്‌സ് ബാധിത മരിച്ചതായി വൃദ്ധസദനത്തില്‍ നിന്ന് ലഭിച്ച അറിയിപ്പിനേ തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെ ശ്വാസത്തിനായി പിടഞ്ഞ് 66 വയസുകാരി. അമേരിക്കന്‍ സംസ്ഥാനമായ ലോവയിലെ വൃദ്ധസദനത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തില്‍ വൃദ്ധ സദനത്തിന് 10000 ഡോളര്‍ പിഴയിട്ടിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ജനുവരി മൂന്നിനാണ് വൃദ്ധ സദനത്തിലുള്ള 66 കാരി മരിച്ചതായി നഴ്‌സ് വിശദമാക്കിയത്.

പരിശോധനയില്‍ പള്‍സ് അടക്കമുള്ള ജീവ സൂചനകള്‍ ലഭിക്കാതെ വന്നതോടെയായിരുന്നു ഇത്. കണ്ണുകളുടെ ചലനം നിലച്ച നിലയിലും വായ തുറന്ന് പിടിച്ച നിലയിലും ശ്വാസം എടുക്കാത്ത അവസ്ഥയിലുമായിരുന്നു 66 കാരിയെന്നാണ് പരിശോധിച്ച നഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീട്ടുകാരെ അറിയിച്ച ശേഷം ഇവരുടെ 'മൃതദേഹം' ഫ്യൂണറല്‍ ഹോമിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ മോര്‍ച്ചറിയിലേക്ക് മാറ്റാനായി 'മൃതദേഹം' തുണി ബാഗിലാക്കി അടച്ച് സൂക്ഷിച്ചു വച്ചു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം തുണി ബാഗില്‍ നിന്ന് അനക്കം ശ്രദ്ധിച്ചതോടെ ഫ്യൂണറല്‍ ഹോം ജീവനക്കാര്‍ ബാഗ് പരിശോധിക്കുകയായിരുന്നു.

അപ്പോഴാണ് ബാഗിനുള്ളില്‍ ശ്വാസം വലിക്കാന്‍ ശ്രമിക്കുന്ന 66കാരിയെ കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ വൃദ്ധയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഹൃദയമിടിപ്പ് മാത്രമാണ് 66കാരിയില്‍ നിന്ന് കണ്ടെത്താനായത്. കണ്ണുകള്‍ അടച്ച് വായ തുറന്ന നിലയിലുമായിരുന്നു വൃദ്ധ കിടന്നിരുന്നത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച 66 കാരി രണ്ട് ദിവസത്തിന് ശേഷം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രാദേശിക ഭരണകൂടം ബുധനാഴ്ചയാണ് വൃദ്ധ സദനത്തിന് പിഴ ചുമത്തിയത്. ചികിത്സ ലഭിച്ച് മാന്യമായ മരണത്തിനുള്ള അവസരം നല്‍കിയില്ലെന്ന കുറ്റത്തിനാണ് വൃദ്ധ സദനത്തിന് വന്‍തുക പിഴയിട്ടിരിക്കുന്നത്.

Other News in this category4malayalees Recommends