പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശ്വസ്തരില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരമാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കലാണെന്നും ട്രംപ് ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് തന്റെ അനുയായികോളോട് ആവശ്യപ്പെട്ടു.
2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായി ഉണ്ടായിരുന്ന ബന്ധം പുറത്ത് പറയാതിരിക്കാനാണ് പണം നല്‍കിയതെന്നും ആരോപിക്കുന്നു. സ്വന്തം കൈയില്‍ നിന്നല്ല, തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് പണം നല്‍കിയതെന്നാണ് ആരോപണം. അതേസമയം, പോണ്‍ താരത്തിന് പണം നല്‍കിയെന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നല്ല, സ്വന്തം കൈയില്‍ നിന്നാണ് പണം നല്‍കിയതെന്നും ട്രംപ് പറയുന്നു. ട്രംപിനെതിരെ കുറ്റം ചുമത്തിയാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെ ചുമത്തുന്ന ആദ്യ ക്രിമിനല്‍ കേസായിരിക്കുമിതെന്ന പ്രത്യേകതയും കേസിനുണ്ട്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് അഞ്ച് വര്‍ഷമായി ട്രംപിനെതിരെ അന്വേഷണം നടത്തിയത്. അതേസമയം, പോണ്‍ താരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു.