കാനഡയിലെത്തുന്ന കുടിയേറ്റക്കാര്‍ ഇവിടുത്തെ സമൂഹവുമായി എത്തരത്തിലാണ് കൂടിച്ചേര്‍ന്ന് ഒന്നായി ജീവിക്കുന്നത് അഥവാ ഇന്റഗ്രേറ്റ് ചെയ്യുന്നതെന്നതിന്റെ വിവിധ വശങ്ങള്‍ പഠിക്കുന്ന നിര്‍ണായകവും അനിവാര്യവുമായ ഒരു പുതിയ പഠനത്തിന് ടൊറന്റോ മെട്രൊപൊളിറ്റിന്‍ യൂണിവേഴ്‌സിറ്റി നേതൃത്വം നല്‍കുന്നു. 98.6 മില്യണ്‍ ഡോളര്‍ മുടക്കിയുള്ള ചരിത്രപ്രസക്തമായ ഈ പഠനത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട, എന്നീ യൂണിവേഴ്‌സിറ്റികൡ നിന്നുള്ള ഗവേഷകരും ഭാഗഭാക്കാകുന്നു.
കനേഡിയന്‍ സര്‍ക്കാരാണ് നിര്‍ണായകമായതും ഏഴ് വര്‍ഷം നീളുന്നതുമായ ഈ ബൃഹദ് പഠനത്തിന് ഫണ്ടേകുന്നത്. സത്വരമായ രീതിയിലുള്ള സാമൂഹികവും സാമ്പതികപരവും സാങ്കേതികപരവുമായ മാറ്റങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്ത് നടത്തുന്ന ഈ പഠനം ഇമിഗ്രേഷനെക്കുറിച്ചും മൈഗ്രേഷനെക്കുറി്ചും നിര്‍ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നാണ് ടൊറന്റോ മെട്രൊപൊളിറ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ആന്‍ഡ് ഇമിഗ്രേഷനിലെ എക്‌സലന്‍സ് റിസര്‍ച്ച് ചെയറായ അന്ന ട്രിയാന്‍ഡഫൈലിഡൗ പറയുന്നത്.
സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമല്ല മറിച്ച് സമൂഹത്തെ കൂടുതല്‍ ധനികമാക്കുന്നതിനും കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും കൂടുതല്‍ നൂതനാശയങ്ങളാല്‍ സമ്പുഷ്ടമാക്കുന്നതിനും കാനഡയുടെ ഭൂതകാലത്തിലും വര്‍ത്തമാന കാലത്തിലും ഭാവി കാലത്തിലും ഒരേ പോലെ പ്രസക്തമായ പഠനമാണിതെന്നും അന്ന അവകാശപ്പെടുന്നു.കാനഡയിലെ പെര്‍മനന്റ് റെസിഡന്റുമാര്‍, ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍, അഭയാര്‍ത്ഥികള്‍, അസൈലം സീക്കര്‍മാര്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, എക്കണോമിക് മൈഗ്രന്റുകള്‍ തുടങ്ങിയവരില്‍ നിന്നും അനുഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പഠനം കൂടിയാണിത്.
ഇതിനായി വാര്‍ഷിക സര്‍വേകള്‍, അഭിമുഖങ്ങള്‍, ഫോക്കസ് ഗ്രൂപ്പുകള്‍, സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വാര്‍ത്തകളെ വിശകലനം ചെയ്യല്‍ തുടങ്ങിയ വിവിധ വഴികളിലൂടെയാണീ പഠനം മുന്നോട് കൊണ്ട് പോകുന്നത്. എപ്ലോയ്‌മെന്റ് ആന്‍ഡ് ലൈഫ് ലോംഗ് ലേണിംഗ്, ഇമിഗ്രന്റ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ്, പ്ലേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, സിറ്റിസന്‍ഷിപ്പ് ആന്‍ഡ് സിവിക് പാര്‍ട്ടിസിപ്പേഷന്‍ എന്നീ നിര്‍ണായക റിസര്‍ച്ച് തീമുകളിലധിഷ്ഠിതമാണീ പഠനം.