യുഎസിലെ ന്യൂ മെക്‌സിക്കോയിലെ റെഡ് റിവര്‍ ഏരിയയില്‍ നടന്ന ബൈക്ക് റാലിക്കിടെ ഇന്ന് നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. റെഡ് റിവര്‍ മേയര്‍ ലിന്‍ഡ കാല്‍ഹൗന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ ഒരാളെ ഹെലികോപ്റ്ററില്‍ ഡെന്‍വറിലെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെന്ന് ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. വെടിവയ്പിന് ഉത്തരവാദികളായവരെല്ലാം പോലീസ് കസ്റ്റഡിയിലായെന്ന് മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബൈക്കര്‍ ഗാംഗിലുള്ളവരാണ് വെടിവച്ചവരും വെടിയേറ്റവരുമെന്നാണ് മേയര്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ സംഭവസ്ഥലം പോലീസ് കസ്റ്റഡിയില്‍ സുരക്ഷിതമാക്കിയിരിക്കുന്നുവെന്നും പൊതുജനങ്ങള്‍ക്ക് ഭീഷണിയൊന്നുമില്ലെന്നുമാണ് ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പോലീസ് പറയുന്നത്. റെഡ് റിവര്‍ മെമ്മോറിയല്‍ ഡേ മോട്ടോര്‍ സൈക്കിള്‍ റാലിക്കിടെയാണ് വെടിവയ്പ് നടന്നിരിക്കുന്നത്. വര്‍ഷം തോറും നടത്തി വരുന്ന മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് പേരാണ് എത്താറുള്ളത്.
വെടിവയ്പില്‍ പരുക്കേറ്റ മറ്റുള്ളവരെ ടാവോസിലെ ഹോളിക്രോസ് ഹോസ്പിറ്റലിലേക്കും അല്‍ബുക്കര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോ ഹെല്‍ത്തിലേക്കും ചികിത്സക്കായി കൊണ്ടു പോയിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് ഓഫീസര്‍മാരെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. നിലവില്‍ സംഭവസ്ഥലം സുരക്ഷിതമാണെന്നും കടുത്ത പോലീസ് സാന്നിധ്യമുണ്ടെന്നും വെടിവയ്പിനെക്കുറിച്ച് ത്വരിത ഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ ലിന്‍ഡ വെളിപ്പെടുത്തുന്നു.