കൊച്ചിയിലെ സിഐടിയു നേതാവ് സ്വന്തമാക്കിയത് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍; കാര്‍ വാങ്ങിയത് ഭാര്യയെന്ന് വിശദീകരണം

കൊച്ചിയിലെ സിഐടിയു നേതാവ് സ്വന്തമാക്കിയത് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍; കാര്‍ വാങ്ങിയത് ഭാര്യയെന്ന് വിശദീകരണം
അനധികൃത സ്വത്തു സമ്പാദനവും, കൈക്കൂലി കേസുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. ഇപ്പോഴിതാ കൊച്ചിയിലെ സിഐടിയു നേതാവിന്റെ ആഡംബര കാറാണ് ചര്‍ച്ചാവിഷയം. സ്വത്ത് സമ്പാദനത്തില്‍ നേരത്തെ തന്നെ വിമര്‍ശനം നേരിടുന്ന സിഐടിയു വിവാദ നേതാവ് പി കെ അനില്‍കുമാറാണ് പുത്തന്‍ കാറിന്റെ പേരില്‍ വീണ്ടും വിവാദമുണ്ടാക്കിയിരിക്കുന്നത്.

സിഐടിയുവിന് കീഴിലുള്ള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍ പറയുമ്പോള്‍ തൊഴിലാളി നേതാവാണ്.എന്നാല്‍ അദ്ദേഹത്തിന്റെ യാത്രയാകട്ടെ ആഡംബര വാഹനങ്ങളിലും. അനില്‍കുമാറിന്റെ ഗാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്. 50 ലക്ഷം വിലയുള്ള വാഹനമാണ് ഇത്.

വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയായി.ടോയോട്ട ഇനോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് യൂണിയന്‍ നേതാവിന്റെ സ്വന്തം പേരിലാണ്. എന്നാല്‍ വാഹനം വാങ്ങിയത് താനല്ലെന്നാണ് പി കെ അനില്‍കുമാറിന്റെ വിശദീകരണം. എന്തായാലും പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അന്വേഷിക്കുമെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.

കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി അനില്‍കുമാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ പരാതി നിലവിലുണ്ട്. വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലും പി കെ അനില്‍കുമാര്‍ കേസ് നേരിടുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ ആഡംബര കാര്‍ വിവാദം.

Other News in this category



4malayalees Recommends