യുകെയില്‍ പ്രായപൂര്‍ത്തിയാകാത്തവരിലെ ഇ-സിഗറ്റുപയോഗം വര്‍ധിക്കുന്നു; നിലവിലെ നിയമത്തിലെ പഴുതുപയോഗിച്ച് ചെറിയ കുട്ടികളില്‍ വരെ വാപിംഗ് ശീലമേറുന്നു; 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഇ സിഗററ്റ് വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് മേല്‍ കടുത്ത പിഴ ചുമത്തും

യുകെയില്‍ പ്രായപൂര്‍ത്തിയാകാത്തവരിലെ ഇ-സിഗറ്റുപയോഗം വര്‍ധിക്കുന്നു; നിലവിലെ നിയമത്തിലെ പഴുതുപയോഗിച്ച് ചെറിയ കുട്ടികളില്‍ വരെ വാപിംഗ് ശീലമേറുന്നു; 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഇ സിഗററ്റ് വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് മേല്‍ കടുത്ത പിഴ ചുമത്തും
യുകെയില്‍ പ്രായപൂര്‍ത്തിയാകാത്തവരിലെ ഇ-സിഗറ്റുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കുന്നതിനുള്ള കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിലവിലെ നിയമത്തിലെ പഴുതുപയോഗിച്ച് റീട്ടെയിലര്‍മാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സൗജന്യമായി ഇ-സിഗററ്റുകള്‍ നല്‍കുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ വാപ് മാര്‍ക്കറ്റിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ വളരെ ചെറിയ കുട്ടികളെയും കൗമാരക്കാരെയും ഇ സിഗററ്റുകളിലേക്ക് ആകര്‍ഷിച്ച് അടിമകളാക്കുന്ന ആപത്കരമായ സാഹചര്യമൊഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്.

ഇതിന് പുറമെ നിക്കോട്ടിന്‍ -ഫ്രീ പ്രൊഡക്ടുകള്‍ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും പുനരവലോകനം നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവരില്‍ ലഹരി ഉപയോഗം പെരുകുന്നത് കണക്കിലെടുത്താല്‍ നിലവിലെ സര്‍ക്കാര്‍ നീക്കം അപര്യാപ്തമാണെന്നും ഇതിനെ നേരിടാന്‍ എത്രയും പെട്ടെന്ന് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമവിരുദ്ധമായ ഇ സിഗററ്റുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് മേല്‍ പിഴ ചുമത്തുന്ന നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഇത്തരത്തില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിലൂടെ ലോക്കല്‍ ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഒഫീഷ്യല്‍സിന് ഇത്തരം കുറ്റങ്ങള്‍ക്ക് സ്‌പോട്ടില്‍ ഫൈനുകളും ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസുകളും ഇഷ്യൂ ചെയ്യാന്‍ അധികാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇ-സിഗററ്റുകളും മറ്റും വില്‍ക്കുന്നവര്‍ക്ക് സ്‌പോട്ടില്‍ പിഴകളും പെനാല്‍റ്റി നോട്ടീസുകളും ലഭിക്കുമെന്ന് സാരം.

18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഇ സിഗററ്റുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെങ്കിലും അത്തരക്കാര്‍ക്ക് നിക്കോട്ടിന്‍-ഫ്രീ പ്രൊഡക്ടുകള്‍ വില്‍ക്കാം. നിയമത്തിലെ ഈ പഴുതുപയോഗിച്ചാണ് 18 ല്‍ താഴെ പ്രായമുള്ളവരുടെ കൈകളില്‍ ഇ സിഗററ്റുകളെത്തുന്നതിന് കാരണമായിരിക്കുന്നത്. അത് ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ നിലവില്‍ കര്‍ക്കശ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. വിലകുറഞ്ഞതും നിറഭേദങ്ങളിലെത്തുന്നതുമായ ഇ സിഗററ്റുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്നുവെന്നും ഇതിലൂടെ പ്രായപൂര്‍ത്തിയാകാത്തവരിലെ ഇ സിഗററ്റുപയോഗം വര്‍ധിക്കുന്നുവെന്നുമാണ് ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ എടുത്ത് കാട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 11നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ ഒമ്പത് ശതമാനം പേര്‍ ഇസിഗററ്റ് വലിക്കുന്നുണ്ടെന്നാണ് 2021ലെ എന്‍എച്ച്എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2018ല്‍ ഇത് വെറും ആറ് ശതമാനമായിരുന്നുവെന്നറിയുമ്പോഴാണ് ഇക്കാര്യത്തിലെ അപകടകരമായ വര്‍ധനവ് വ്യക്തമാകുന്നത്.Other News in this category4malayalees Recommends