യുകെയില്‍ പ്രീപെയ്‌മെന്റ് മീറ്ററുകളുള്ള വീട്ടുകാര്‍ ഉപയോഗിക്കാത്ത എനര്‍ജി ബില്‍ സപ്പോര്‍ട്ട് വൗച്ചറുകള്‍ ജൂണ്‍ അവസാനത്തിന് മുമ്പ് പണമാക്കി മാറ്റണമെന്ന നിര്‍ദേശവുമായി ഗവണ്‍മെന്റ് രംഗത്തെത്തി. നിലവില്‍ ഇത്തരത്തിലുള്ള അഞ്ചില്‍ നാല് വൗച്ചറുകളുമുപയോഗിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാത്ത വൗച്ചറുകളില്‍ നിന്ന് കസ്റ്റമര്‍മാര്‍ക്ക് മൊത്തത്തില്‍ 130 മില്യണ്‍ പൗണ്ടെങ്കിലും ഇനിയും നേടാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഏവരെയും ഓര്‍മിപ്പിക്കുന്നു. ഓരോ വീടിനും 400 പൗണ്ടിന്റെ സാമ്പത്തിക പിന്തുണയാണ് വൗച്ചര്‍ സ്‌കീമിലൂടെ ലഭിക്കുന്നത്.
തങ്ങളുടെ വൗച്ചറുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ തങ്ങളുടെ ഇലക്ട്രിസിറ്റി സപ്ലൈയറുമായി ബന്ധപ്പെടാന്‍ കസ്റ്റമര്‍മാരോട് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു എനര്‍ജി ബില്‍ സപ്പോര്‍ട്ട് സ്‌കീം ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നത്. വര്‍ധിച്ച് വരുന്ന ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ നിന്ന് രക്ഷ നേടുന്നതിനായി പുതിയ സ്‌കീം പ്രകാരം ഓരോ കുടുംബങ്ങള്‍ക്കും 400 പൗണ്ട് വീതം ഇത് പ്രകാരം ലഭ്യമാക്കിയിരുന്നു.
ഇത്തരം വൗച്ചറുകളുടെ കാലാവധി ജൂണ്‍ 30ന് അവസാനിക്കാന്‍ പോകുന്നതിനാല്‍ ഇവ ഉപയോഗിച്ച് എത്രയും വേഗം അര്‍ഹമായ പണം ക്ലെയിം ചെയ്യണമെന്നാണ് എനര്‍ജി കണ്‍സ്യൂമര്‍മാരോട് ഗവണ്‍മെന്റും ചാരിറ്റികളും കണ്‍സ്യൂമര്‍ ഗ്രൂപ്പുകളും എനര്‍ജി സപ്ലയര്‍മാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വൗച്ചറുകള്‍ ഇനിയും ക്ലെയിം ചെയ്യാത്തവരെ അതിനായി നിര്‍ബന്ധിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ നിലവില്‍ ഇരട്ടിയാക്കിയിരിക്കുന്നുവെന്നാണ് എനര്‍ജി കണ്‍സ്യൂമേര്‍സ് ആന്‍ഡ് അഫോര്‍ഡബിലിറ്റി മിനിസ്റ്ററായ ഫോര്‍ അമന്‍ഡ സോല്ലോവേ പറയുന്നത്.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വയില്‍സ് എന്നിവിടങ്ങളിലെ മിക്ക വീട്ടുകാരും തങ്ങളുടെ എനര്‍ജി ബില്ലുകള്‍ ഡയറക്ട് ഡെബിറ്റിലൂടെയാണ് അടക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മാസത്തില്‍ അവരുടെ ബില്ലുകളില്‍ നിന്ന് പെട്ടെന്ന് 66 പൗണ്ട് കുറവ് വരുകയോ അല്ലെങ്കില്‍ അവരുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ഈ തുക കയറി വരുകയോ ചെയ്തിരുന്നു. ഗ്യാസിനും ഇലക്ട്രിസിറ്റിക്കും പരമ്പരാഗത പ്രീപെയ്‌മെന്റ് മീറ്ററുകളുളള രണ്ട് മില്യണ്‍ വീട്ടുകാര്‍ക്ക് ആറ് വൗച്ചറുകളിലൂടെ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 66 പൗണ്ട് അല്ലെങ്കില്‍ 67 പൗണ്ട് മൂല്യമുള്ള ഈ വൗച്ചറുകള്‍ തപാല്‍ വഴി അല്ലെങ്കില്‍ ഇ മെയില്‍ വഴിയായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്.