ഓസ്‌ട്രേലിയയിലെ ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് കടുത്ത തിരിച്ചടി; ജൂണ്‍ നാലിന് സിഡ്‌നിയില്‍ നടത്താനിരുന്ന ഖലിസ്ഥാന്‍ റഫറണ്ടം റദ്ദാക്കി അധികൃതര്‍; മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ നയതന്ത്ര വിജയമെന്ന് സൂചന
ഓസ്‌ട്രേലിയയിലെ ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് കടുത്ത തിരിച്ചടിയേകി ജൂണ്‍ നാലിന് നടത്താനിരുന്ന ഖലിസ്ഥാന്‍ റഫറണ്ടം ഇവന്റ് അധികൃതര്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. സിഡ്‌നിയിലെ മാസോണിക് സെന്റര്‍ പ്രസ്തുത റഫറണ്ടം റദ്ദാക്കിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പരിപാടിയുടെ സംഘാടകരായ സിഖ് ഫോര്‍ ജസ്റ്റിസ് അഥവാ എസ്എഫ്‌ജെ ക്കെതിരേ നിരവധി പരാതികള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ മാതൃകാപരമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
സെക്യൂരിറ്റി ഏജന്‍സികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് സുരക്ഷാ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി റഫറണ്ടം റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി മോഡി ഓസ്ട്രലിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് നിര്‍ണായകമായ ഈ നീക്കമുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഖലിസ്ഥാന്‍ തീവ്രവാദ സംഘത്തിന് നേരെ കര്‍ക്കശമായ നടപടിയുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അേേന്താണി ആല്‍ബനീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റഫറണ്ടം കാന്‍സല്‍ ചെയ്യാന്‍ വഴിയൊരുങ്ങിയതെന്ന് സൂചനയുണ്ട്.
ഖലിസ്ഥാന്‍ വാദികളുടെ ഭീഷണിയെക്കുറിച്ച് ആല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലും മോഡി ഉയര്‍ത്തിക്കാട്ടിയിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ച വേളയില്‍ ബ്ലാക്ക് ടൗണ്‍ സിറ്റി കൗണ്‍സില്‍ ഖലിസ്ഥാന്‍ റഫറണ്ടം നടത്താനുള്ള അനുമതി പിന്‍വലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ഈ വര്‍ഷം ജനുവരി മൂന്നിന് ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ആല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോഡി ഇക്കാര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചാബ് കേന്ദ്രമാക്കി പ്രത്യേക സിഖ് രാജ്യം വേണമെന്ന ഖലിസ്ഥാന്‍ തീവ്രവാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യയില്‍ നിന്ന് ഈ തീവ്രവാദ സംഘത്തെ തുടച്ച് നീക്കിയെങ്കിലും ഇവയുടെ വേരുകള്‍ ഓസ്‌ട്രേലിയ അടക്കം വിവിധ രാജ്യങ്ങളില്‍ ഇന്നുമുണ്ട്.