വളര്‍ത്തമ്മ മറന്നുപോയതിനെ തുടര്‍ന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വാഷിംഗ്ടണില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ ജോലിക്ക് പോകുമ്പോള്‍ വളര്‍ത്തമ്മ കുഞ്ഞ് കാറിനുള്ളില്‍ ഉള്ള വിവരം മറന്ന് കാര്‍ ലോക്ക് ചെയ്ത് പോവുകയായിരുന്നു. പിന്നീട് ഇവര്‍ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കാറിനുള്ളില്‍ കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മെയ് 24 നാണ് സംഭവം.
വളര്‍ത്തമ്മ സാമൂഹിക പ്രവര്‍ത്തകയും ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കുട്ടി അപകടത്തില്‍പ്പെട്ട ദിവസം പ്രദേശത്തെ താപനില 21 ഡിഗ്രിയോളം ആയിരുന്നു. മാത്രമല്ല, അന്വേഷണത്തില്‍ വാഹനത്തിനുള്ളിലെ താപനില 38 ഡിഗ്രിക്ക് മുകളിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ജോലി കഴിഞ്ഞ് തിരികെ കാറിലെത്തിയപ്പോഴാണ് താന്‍ കുഞ്ഞിനെ കാണുന്നതെന്നും അപ്പോള്‍ മാത്രമാണ് കുഞ്ഞിനെ കുറിച്ച് ഓര്‍മ്മ വന്നതെന്നുമാണ് വളര്‍ത്തമ്മ പൊലീസിനോട് പറഞ്ഞത്. ഈ സമയം കുഞ്ഞ് പൂര്‍ണ്ണമായും അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും ഇവര്‍ പറഞ്ഞു. താന്‍ പ്രാഥമിക ചികിത്സ നല്‍കുകയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ ആയില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നുവെന്നും ആ സമയത്ത് കുഞ്ഞു മരുന്നുകളോട് പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, വളര്‍ത്തമ്മയ്‌ക്കെതിരെ കുറ്റം ചുമത്തണോ എന്ന് അധികൃതര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല